മോഷണക്കേസിൽ പ്രതിയായ ആൾ വ്യാജരേഖയുണ്ടാക്കി പൊലീസിനെ കബളിപ്പിച്ചു
text_fieldsവിഴിഞ്ഞം: വിൽപന നടത്തിയ വാഹനം മോഷണം പോയ സംഭവത്തിൽ പ്രതിയായ ആൾ വ്യാജരേഖയുണ്ടാക്കി പൊലീസിനെ കബളിപ്പിച്ചതായും വാഹന ഉടമയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായും പരാതി.
ധനുവച്ചപുരം സ്വദേശി ഡേവിഡ്സൻ എന്നയാളാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. കോട്ടുകാൽ സ്വദേശി മോഹനൻ എന്നയാൾ വ്യാജരേഖയുണ്ടാക്കി വിഴിഞ്ഞം പൊലീസിനെ കബളിപ്പിച്ചതായും തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായുമായാണ് പരാതി.
ഇതിെൻറ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരാവകാശ പ്രകാരം രേഖകൾ എടുത്ത ഡേവിഡ്സൺ വ്യാജ രേഖയുണ്ടാക്കിയ മോഹനനെതിരെ വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും മോഷണം പോയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത വാഹനം വ്യാജരേഖ ചമച്ച് പൊലീസ് സ്റ്റേഷനിൽ നിന്നിറക്കിക്കൊണ്ടുപോയ സംഭവം പൊലീസിനും നാണക്കേടായി. സംഭവത്തിൽ പ്രതിക്ക് പൊലീസിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിഴിഞ്ഞം പൊലീസ്.