നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsസജു
കട്ടപ്പന: ഇരുപതോളം ഭവനഭേദനവും മോഷണക്കേസുകളിൽ പ്രതിയായ തിരുവനന്തപുരം, നെയ്യാറ്റിൻകര പൂവരകുവിള വീട്ടിൽ സജു (36) അറസ്റ്റിൽ. മാലപൊട്ടിക്കൽ കേസിൽ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ 2021 ജനുവരിയിൽ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ജില്ലയിലെ വെള്ളിലാംകണ്ടം ഭാഗത്ത് വാടകക്ക് താമസിച്ച് മോഷണം നടത്തിവരവെയാണ് പിടിയിലായത്. കട്ടപ്പന സ്റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവന്താനം സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളും മുരിക്കാശ്ശേരി സ്റ്റേഷൻ പരിധിയിൽ മൂന്ന് കേസുകളും കോട്ടയം ജില്ലയിലെ പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ പരിധിയിൽ ഒരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭവനഭേദനത്തിനായി പ്രത്യേകം ആയുധങ്ങൾ നിർമിച്ചിരുന്നു. തിരിച്ചറിയാത്ത വിധം മുഖംമൂടിയും കൈയുറകളും ധരിച്ച് രാത്രിയിൽ ബൈക്കിലെത്തിയാണ് കവർച്ച നടത്തിയിരുന്നത്. പ്രധാന റോഡുകളോടുചേർന്ന ഒറ്റപ്പെട്ട വീടുകളാണ് തെരഞ്ഞെടുത്തിരുന്നത്. 2013ൽ തിരുവനന്തപുരം പൂവാറിൽനിന്ന് വിഗ്രഹം മോഷ്ടിച്ച കേസിലും ടെക്നോപാർക്കിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പന്തളത്തുനിന്ന് കാർ മോഷ്ടിച്ച കേസിലും നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കട്ടപ്പന കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ ദിലീപ് കുമാർ, സജിമോൻ ജോസഫ്, എ.എസ്.ഐമാരായ ബേസിൽ പി.ഐസക്, സുബൈർ എസ്, സിവിൽ ഓഫിസർമാരായ ടോണി ജോൺ, വി.കെ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.