നാദാപുരത്ത് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsനാദാപുരം: നാദാപുരത്ത് കോളജ് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൊകേരി മുറുവശ്ശേരി സ്വദേശി ഏച്ചിത്തറേമ്മൽ റഫ്നാസ് ആണ് അറസ്റ്റിലായത്.
ഇന്നലെയാണ് നാദാപുരത്ത് കോളജ് വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ യുവാവ് ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ കല്ലാച്ചി ഹൈടെക് കോളജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി പേരോട്ടെ തട്ടിൽ അലിയുടെ മകൾ നയിമ (19) കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം കൈഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ച മൊകേരി മുറവശ്ശേരി സ്വദേശി എച്ചിറോത്ത് റഫ്നാസിനെ (22) നാട്ടുകാർ കീഴടക്കി പൊലീസിൽ ഏൽപിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പേരോട് പാറക്കടവ് റോഡിൽ നയിമയുടെ വീടിനടുത്താണ് സംഭവം. കോളജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് പേരോട് ബസ് ഇറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ വീടിന് ഏതാനും മീറ്റർ അകലെ വെച്ചാണ് യുവാവ് വെട്ടിയത്. സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കാത്തുനിന്ന റഫ്നാസ് കൈയിൽ കരുതിയ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. പെൺകുട്ടിയുടെ തലയുടെ പിൻവശത്തും ശരീരത്തിലുമായി എട്ടോളം മുറിവുകളുണ്ട്.
യുവാവിന്റെ ബൈക്കിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച പെട്രോളും തുണിക്കഷണങ്ങളും പൊലീസ് കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാനായിരുന്നു യുവാവിന്റെ തീരുമാനമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആക്രമണത്തിനിടയിൽ കൈക്ക് മുറിവേൽപിച്ച യുവാവ് വടകര ആശുപത്രിയിലാണ്.
റഫ്നാസ് കല്ലാച്ചിയിലെ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തു വരുകയാണ്. ഇവർ തമ്മിൽ മുൻപരിചയമുണ്ടെന്ന് നാട്ടുകാർ പറയുന്നു.