യാത്രക്കാരനെ ആക്രമിച്ച് കാറും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ
text_fieldsവേങ്ങര: രണ്ടുവര്‍ഷം മുമ്പ് യാത്രക്കാരനെ ആക്രമിച്ച് ആഡംബര കാറും പണവും കവര്‍ന്ന കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയിൽ. തൃശൂര്‍ ആളൂര്‍ ചേരിയേക്കര വീട്ടില്‍ നിജില്‍ തോമസാണ് (33) വീടിനടുത്തുനിന്നും കോങ്ങാട് പൊലീസിെൻറ പിടിയിലായത്.
2019 സെപ്റ്റംബര്‍ 29ന് പുലര്‍ച്ചയായിരുന്നു തിരുപ്പൂരില്‍നിന്ന് മലപ്പുറത്തേക്ക് വരുകയായിരുന്ന വേങ്ങര സ്വദേശി സെയ്തലവിയെ മുണ്ടൂര്‍ എം.ഇ.എസ് ഐ.ടി.ഐക്ക് സമീപം ആക്രമിച്ച് ഏഴരലക്ഷം രൂപയുടെ കാറും 40,000 രൂപയും കവര്‍ന്നത്. കാർ നേരത്തേ കഞ്ചാവുകടത്തുകേസിൽ എറണാകുളത്തുവെച്ച് എക്സൈസ് സംഘം പിടികൂടിയിരുന്നതായി സെയ്തലവി പറഞ്ഞു.
കാറിെൻറ നമ്പർ മാറ്റിയായിരുന്നു കഞ്ചാവുകടത്തുകാർ ഉപയോഗിച്ചിരുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നറിയുന്നു. നിജിൽ തോമ സും സംഘവും കാർ ചുരുങ്ങിയ വിലക്കാണ് കഞ്ചാവുകടത്തുകാർക്ക് വിറ്റത്. സമാനമായ പല കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കോങ്ങാട് എസ്.എച്ച്.ഒ ജെ.ആര്. രഞ്ജിത്ത് കുമാര്‍, എസ്.ഐ കെ. മണികണ്ഠന്, എ.എസ്.ഐമാരായ വി. രമേശ്, കെ.പി. നാരായണന്‍കുട്ടി, എസ്.സി.പി.ഒമാരായ എം. മൈസല്‍ ഹക്കിം, പി. സന്തോഷ്, സി. ഷമീര്‍, എസ്. സജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.