പാലാ: ജാമ്യത്തിലിറങ്ങിയ മോഷണക്കേസ് പ്രതി, ബൈക്ക് മോഷണത്തിന് വീണ്ടും പൊലീസ് പിടിയിൽ. വെള്ളിയേപ്പള്ളി പുതുശ്ശേരി വീട്ടിൽ ദിലീപാണ് (37) അറസ്റ്റിലായത്. കഴിഞ്ഞദിവസം വെള്ളാപ്പാട് ചെമ്പകത്തിൽ ബിൽഡിങ്ങിന്റെ പാർക്കിങ് ഏരിയയിൽനിന്ന് വിസ്മയ ബിൽഡേഴ്സ് ജീവനക്കാരൻ വള്ളിച്ചിറ താമരക്കുളം സ്വദേശി രഞ്ജിത്തിന്റെ ബൈക്ക് മോഷണം പോയിരുന്നു. വൈകീട്ടോടെ തിരികെ എത്തിയ ഉടമ വാഹനം മോഷണം പോയതറിഞ്ഞ് പാലാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
വാഹന പരിശോധനയിൽ വൈകീട്ടോടെ ടൗൺ ബിവറേജസ് പരിസരത്തുവെച്ച് മോഷണ വാഹനവുമായി ദിലീപ് പിടിയിലായി. പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പണിപ്പെട്ടാണ് പിടികൂടിയത്. മറ്റൊരു മോഷണക്കേസിൽ റിമാൻഡിലായിരുന്ന ദിലീപ് ഒരാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതിക്ക് പാലാ സ്റ്റേഷനിൽ കൂടാതെ കാഞ്ഞിരപ്പിള്ളിയിലും മോഷണക്കേസ് നിലവിലുണ്ട്. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.