വിമുക്ത ഭടന്റെ വീട്ടിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ
text_fieldsകടുത്തുരുത്തി: വിമുക്ത ഭടന്റെ വീട്ടിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ. പാലായിൽ താമസിക്കുന്ന മകൾ സി.സി ടി.വിയിൽ കണ്ട് അയൽവാസിയോട് വിവരം പറഞ്ഞതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മോഷ്ടാവിനെ പിടികൂടി. കീഴൂർ സ്വദേശി, ആലപ്പുഴയിൽ താമസിക്കുന്ന ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസണാണ് (32) പിടിയിലായത്. വിമുക്തഭടൻ കീഴൂർ മേച്ചേരിൽ മാത്യുവും ഭാര്യയും താമസിക്കുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ച 1.30 ഓടെയാണ് സംഭവം.
മകൾ കിടക്കാൻനേരം കീഴൂരിലെ വീട്ടിലെ സി.സി ടി.വി മൊബൈൽ ഫോണിലൂടെ നോക്കിയപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. രണ്ട് കാമറ തുണികൊണ്ട് മൂടിയശേഷം മൂന്നാമത്തെത് മൂടാൻ ശ്രമിക്കുമ്പോഴാണ് സംഭവം യുവതി കാണുന്നത്. ഉടൻതന്നെ മകൾ അയൽവാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രഭാത് തലയോലപ്പറമ്പ് എസ്.എ ജയ്മോനെ അറിയിച്ചു. ജെയ്മോൻ വെള്ളൂർ പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിനെ കണ്ട മോഷ്ടാവ് ഒന്നാംനിലയിൽനിന്ന് ചാടി പുറത്തേക്ക് ഓടി. അരക്കിലോമീറ്റർ പിന്നാലെ ഓടിയാണ് പിടികൂടിയത്. പ്രതി സഞ്ചരിച്ച സ്കൂട്ടറും കൈവശം കരുതിയ ആയുധവും പിടിച്ചെടുത്തു.
വെള്ളൂർ, തലയോലപ്പറമ്പ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരായ എസ്.ഐ കെ. സജി, സി.പി.ഒമാരായ പി.എസ്. വിപിൻ, രാജീവ്, ഹോംഗാർഡ് ബിജുമോൻ, സജി എന്നിവരും പങ്കെടുത്തു. വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നമ്പ്യാകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം
കോട്ടയം: ഏറ്റുമാനൂർ നമ്പ്യാകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം. പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 20,000 രൂപയും സ്വർണമാലയും കവർന്നു. നമ്പ്യാകുളം കുറുമുള്ളൂർ എം. ഗിരീഷ് കുമാറിന്റെ മല്ലികാസദനം എന്ന വീട്ടിൽ വാടകക്ക് താമസിക്കുന്ന ശ്യാമിന്റെ പണവും സ്വർണവുമാണ് നഷ്ടമായത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
തിങ്കളാഴ്ച രാവിലെ 11.45 ഓടെ വീട്ടുടമ വിഷ്ണുവും ഭാര്യ ഇന്ദുവും കൊച്ചിയിലേക്ക് പോയിരുന്നു. ബുധനാഴ്ച രാവിലെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ പിൻവാതിലുകൾ കുത്തിപ്പൊളിച്ച്, ജനലുകൾ വെട്ടിപ്പൊളിച്ച ശേഷമാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.