കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ
text_fieldsകോട്ടയം: കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന പ്രതിയെ 20 വർഷങ്ങൾക്കു ശേഷം പിടികൂടി. 2001ൽ 100രൂപയുടെ 34 നോട്ടുമായി അറസ്റ്റിലായശേഷം ഒളിവിൽപോയ പയ്യപ്പാടി സ്വദേശിയായ ജോയിയെയാണ് (കുഞ്ഞാപ്പി-59) ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
2001ൽ പുതുപ്പള്ളിയിലെ കള്ളുഷാപ്പിൽ കള്ളനോട്ട് മാറുന്നതിനിടെയാണ് ഇയാളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ താമസിച്ച് പൊലീസിന് പിടികൊടുക്കാതെ കഴിഞ്ഞുവന്ന ജോയി കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് കുടുംബവുമായി താമസിക്കുന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടെൻറ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഷാജൻ മാത്യു, ബി. ഗിരീഷ്, എസ്.സി.പി.ഒമാരായ പ്രമോദ് എസ്.കുമാർ, സുനിമോൾ രാജപ്പൻ, സി.പി.ഒ ജാഫർ സി. റസാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.