മാതാവിനെ കൊലപ്പെടുത്തി അവയവങ്ങൾ വറുത്ത് കഴിച്ച യുവാവിന് വധശിക്ഷ
text_fieldsrepresentational image
മുംബൈ: മാതാവിനെ കൊലപ്പെടുത്തി അവയവങ്ങൾ വറുത്ത് കഴിച്ച 35കാരന് കൊലക്കയർ. മഹാരാഷ്ട്രയിലെ കോലാപൂരിലെ കോടതിയാണ് അപൂർവങ്ങളിൽ അപൂർവമെന്ന് വിധി എഴുതി മകന് വധശിക്ഷ വിധിച്ചത്.
കോലാപൂർ അഡീഷനൽ സെഷൻസ് ജഡ്ജി മഹേഷ് കൃഷ്ണജിയാണ് തൊഴിലാളിയായ സുനിൽ രാമ കുഛ്കൊറാവിയെ മരണംവരെ തൂക്കിലേറ്റാൻ വിധിച്ചത്. സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതായി ജഡ്ജി നിരീക്ഷിച്ചു. കൊലപാതകം അതിക്രൂരവും ലജ്ജാവഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പെശാചിക കൃത്യത്തിന് ശേഷവും പ്രതിയുടെ പെരുമാറ്റത്തിൽ നിന്ന് മാനസാന്തരമോ പശ്ചാത്താപമോ പ്രകടമായില്ലെന്നും കോടതി നിരീക്ഷിച്ചു. 'ആ അമ്മ അനുഭവിച്ച വേദന വാക്കുകളിലൂടെ വിശദീകരിക്കാൻ കഴിയില്ല. മദ്യാസക്തി കാരണമാണ് അയാൾ കുറ്റം ചെയ്തിരിക്കുന്നത്. നിസഹായയായ അമ്മയുടെ ജീവിതം അവൻ ഇല്ലാതാക്കി. മാതൃത്വത്തിനുള്ള ഏറ്റവും വലിയ അപമാനമാണിത്' -കോടതി പ്രസ്താവിച്ചു.
2017 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അയൽപക്കത്തുള്ള ഒരു കുട്ടിയാണ് അമ്മയുടെ മൃതദേഹത്തിന് സമീപം പ്രതി നിൽക്കുന്നത് കണ്ടത്. കുട്ടി കരഞ്ഞതോടെ ആളുകൾ പൊലീസിനെ വിളക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മാതാവിന്‍റെ മൃതശരീരമാണ് കണ്ടത്. ചില അവയവങ്ങൾ പുറത്തെടുത്ത നിലയിലായിരുന്നു. ഹൃദയം ഒരു തളികയിൽ വെച്ചപ്പോൾ മറ്റ് ചില അവയവങ്ങൾ ഒരു എണ്ണപാത്രത്തിലാണ് കാണപ്പെട്ടത്. അക്രമാസക്തരായ ജനങ്ങളുടെ ഇടയിൽ നിന്ന് പ്രയാസപ്പെട്ടാണ് പൊലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.
മദ്യത്തിന് അടിമയായ പ്രതി സുനിൽ നിരന്തരം മർദിച്ചതിനെ തുടർന്ന് ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു. വീട്ടു ചെലവുകൾ നടത്തിയിരുന്ന മാതാവിന്‍റെ പെൻഷൻ തുക മദ്യപിക്കാനായി തട്ടിയെടുക്കാൻ ഇയാൾ ശ്രമിക്കാറുണ്ടായിരുന്നു.
സാക്ഷികൾ ഇല്ലാത്തിനാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. കൊലപാതകത്തിന് മുമ്പ് പ്രതി മാതാവുമായി വഴക്കിട്ടിരുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ പ്രതിയുടെ അടുത്ത് നിന്ന് കണ്ടെത്തി. സുനിലിന്‍റെ വസ്ത്രത്തിൽ കണ്ട രക്തക്കറ മാതാവിന്‍റെ രക്തവുമായി സാമ്യമുള്ളതായി കണ്ടെത്തി.