ആദിവാസി വീട്ടമ്മയുടെ മരണം: മകൻ പൊലീസ് കസ്റ്റഡിയിൽ
text_fieldsപേരാമ്പ്ര: മുതുകാട് ആദിവാസിയായ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് മകൻ പൊലീസ് കസ്റ്റഡിയിൽ. ബുധനാഴ്ച രാവിലെയാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ മുതുകാട് നരേന്ദ്രദേവ് കോളനിയിൽ അമ്പലക്കുന്ന് ജാനുവിനെ (55) മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചിരുന്നു. മരിച്ച ജാനുവും മൂത്ത മകൻ ബിനീഷുമായി നിരന്തരം വഴക്കുണ്ടാകാറുള്ളതായി നാട്ടുകാർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയിലും വീട്ടിൽനിന്ന് ബഹളം കേട്ടതായും പറയപ്പെടുന്നു. മകന്റെ വീട്ടിൽനിന്നു തൊട്ടടുത്തുള്ള വീട്ടിൽ ഉറങ്ങാൻ കിടന്ന ജാനുവിനെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടതായി ബന്ധുക്കൾ പറഞ്ഞത്. പൊലീസിനോട് പരസ്പരവിരുദ്ധമായ മൊഴിയാണ് ബിനീഷിൽനിന്നുണ്ടായത്. ജാനുവിന്റെ ശരീരത്തിൽ കണ്ട പാടുകളും സംശയത്തിനിടയാക്കിയിട്ടുണ്ട്. രണ്ടു വർഷം മുമ്പ് അമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബിനീഷ്. പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനിൽനിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

