ക്ഷേത്രത്തിലേക്ക് പോയ വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന്
text_fieldsസുമന്ത്
മംഗളൂരു: ക്ഷേത്രദർശനത്തിനായി പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയ സ്കൂൾ വിദ്യാർഥിയുടെ മൃതദേഹം ഗെരുക്കാട്ടെ സാംബോല്യ ബാരമേലുവിലെ കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലിയുടെ ആക്രമണത്തിലാവാം മരണം എന്ന പ്രചാരണ ഉറവിടവും പൊലീസ് തേടുന്നുണ്ട്.
ഗെരുക്കാട്ടെ ഗവ. ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ഗെരുക്കാട്ടെ ബാരമേലു നിവാസി സുബ്രഹ്മണ്യ നായിക്കിന്റെ മകനുമായ സുമന്താണ് (15) ബുധനാഴ്ച മരിച്ചത്. ധനുമാസത്തിലെ പ്രത്യേക ആചാരങ്ങളുടെ ഭാഗമായി എല്ലാ ദിവസവും അതിരാവിലെ സുമന്ത് നാലയിലെ ദുർഗാപരമേശ്വരി ക്ഷേത്രം സന്ദർശിച്ചിരുന്നു. ധനുസംക്രമണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ക്ഷേത്രത്തിൽ പോകാൻ പുലർച്ച നാലരയോടെ വീട്ടിൽനിന്ന് ഇറങ്ങിയിരുന്നു. തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിൽ ഏകദേശം 500 മീറ്റർ അകലെയുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തി.
കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചതായിരിക്കാമെന്ന് നാട്ടുകാർക്കിടയിൽ ചിലർ അഭ്യൂഹം പരത്തി. ബെൽത്തങ്ങാടി അഗ്നിരക്ഷാ സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും അടുത്തുള്ള തടാകത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കണ്ട മുറിപ്പാടുകൾ കുളത്തിൽ വീണപ്പോൾ സംഭവിച്ചതാവാം എന്ന സംശയത്തിനിടയാക്കി.
മംഗളൂരു ജില്ല വെൻലോക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം പരിശോധനയിൽ മൂർച്ചയുള്ള ആയുധമോ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ച് തലയിൽ മൂന്ന് ഗുരുതര പ്രഹരം ഏറ്റ് തലയോട്ടി തകർന്നതായി കണ്ടെത്തി. തലക്കടിച്ച് തടാകത്തിലേക്ക് കൊണ്ടുപോകുകയും അർധബോധാവസ്ഥയിൽ വെള്ളത്തിലേക്ക് തള്ളുകയും ചെയ്തതായി സംശയിക്കുന്നു. ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതിനാൽ കേടുപാടുകൾ സംഭവിച്ചതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
തലക്ക് പരിക്കേറ്റ ഉടനെ സുമന്ത് അബോധാവസ്ഥയിലായതിനാൽ ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ലെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സമയത്ത് സുമന്തിന്റെ ചെരിപ്പുകൾ കാലുകളിൽ ഉണ്ടായിരുന്നു. അന്വേഷണത്തിനായി ബെൽത്തങ്ങാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘം രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

