മുളയങ്കാവിലെ ദമ്പതികളുടെ മരണം; യുവതിയുടേത് കൊലപാതകം
text_fieldsദമ്പതികൾ മരിച്ച മുളയങ്കാവിലെ വീട്ടിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തുന്നു
പട്ടാമ്പി: മുളയങ്കാവിൽ ദമ്പതികളെ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. താഴത്തെ പുരക്കൽ ഷാജിയെയും (46) ഭാര്യ സുചിത്രയെയും (37) ഞായറാഴ്ച വൈകീട്ടാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഷാജി ഭാര്യ സുചിത്രയെ മൃഗീയമായി കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.
സുചിത്രക്ക് നെഞ്ചിലും പുറത്തുമായി പതിനഞ്ചോളം കുത്തേറ്റതായി ഇൻക്വസ്റ്റ് നടത്തിയ കൊപ്പം പൊലീസ് കണ്ടെത്തി. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിൽ കലാശിച്ചത്.
ഇരുവരുടെയും മരണം ദിവസങ്ങളുടെ വ്യത്യാസത്തിലാണ് നടന്നതെന്നും അനുമാനിക്കുന്നു. ഭാര്യയെ കൊന്ന് മുറി പുറത്തുനിന്ന് പൂട്ടി ഷാജി ദിവസങ്ങളോളം വീട്ടിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ട്. അടുത്ത് വീടുകളുണ്ടായിട്ടും ആരും തിരിഞ്ഞുനോക്കാതിരുന്നത് പതിവ് വഴക്കായിരിക്കുമെന്ന് കരുതിയാണ്. വിദ്യാർഥികൂടിയായ ഏകമകൻ അർജുൻ െസപ്റ്റംബർ 28 മുതൽ ഷാജിയുടെ അമ്മയോടൊപ്പമാണ് താമസം. ദിവസങ്ങളോളം ഷാജിയെ പുറത്ത് കാണാതിരുന്നതിനാൽ വീട്ടുടമ വാടക വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവൂ. ജില്ല പൊലീസ് സൂപ്രണ്ട് ആർ. ആനന്ദ്, ഷൊർണൂർ ഡിവൈ.എസ്.പി സി. ഹരിദാസ്, ഒറ്റപ്പാലം, ചാലിശ്ശേരി സി.ഐമാരായ സുജിത്, സതീഷ്കുമാർ, കൊപ്പം എസ്.ഐ എം.ബി. രാജേഷ് എന്നിവർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

