കാട്ടാക്കടയിൽ പത്താംക്ലാസുകാരൻ കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന്; ബന്ധു ഒളിവിൽ
text_fieldsതിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിളിൽ പോകുന്നതിനിടെ പത്താംക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാർ ഓടിച്ച ബന്ധു ഒളിവിലാണ്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനപൂർവം നടത്തിയ നരഹത്യയാണെന്ന് സ്ഥിരീകരിച്ചത്. കാറോടിച്ച ബന്ധു പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെ (41) കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. കൊലപാതകം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് സൂചനയുണ്ട്.
പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ ആദിശേഖർ (15) കഴിഞ്ഞ 31 നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപത്തുവെച്ച് കാറിടിച്ച് മരിച്ചത്. വാഹനാപകടമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചായിരുന്നു കേസെടുത്തതും. സി.സി.ടി.വി ദൃശ്യങ്ങളിലാണ് കാർ മനപൂർവം ഇടിപ്പിച്ചതാണെന്ന് മനസിലായത്. പ്രതി സംഭവശേഷം ഒളിവിൽപോയിരുന്നു.
സൈക്കിളില്‍ പോയ ആദിശേഖറിനെ ബോധപൂർവം കാറിടിച്ച് വീഴ്ത്തുന്ന സി.സി.ടി.വി ദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിനു മുന്നില്‍ തൊട്ട് അകലെയായി ആദിശേഖര്‍ എത്തുന്നത് മുതൽ ദൃശ്യങ്ങളുണ്ട്. തുടര്‍ന്ന് സൈക്കിളിൽ തിരിഞ്ഞ് പോകുമ്പോള്‍ പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകട സമയത്ത് തൊട്ടടുത്തായി ഇതെല്ലാം കണ്ടുകൊണ്ട് ആദിശേഖറിന്‍റെ സുഹൃത്ത് നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്.
പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ് കാട്ടാക്കട ചിന്മയ മിഷൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഖർ. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

