കാറിടിച്ച് മരണം: അറസ്റ്റിലായ യുവാക്കൾക്കെതിരെ കഞ്ചാവ് കൈവശംവെച്ചതിനും കേസ്
text_fieldsകൊച്ചി: കലൂർ പാവക്കുളത്ത് കാറിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാക്കൾക്കെതിരെ കഞ്ചാവ് കൈവശംവെച്ചതിനും കേസ്. കാറിൽനിന്ന് കഞ്ചാവ് ബീഡികൾ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് രണ്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചശേഷം കാർ നിർത്താതെപോയത്. പിന്നീട് കലൂർ ദേശാഭിമാനി ജങ്ഷനിൽ തടഞ്ഞുനിർത്തി ഡ്രൈവറെയും ഒപ്പമുണ്ടായിരുന്നയാളെയും പിടികൂടുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശികളായ ജിത്തു, സോണി എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളുടെ സഹോദരന്റെയാണ് കാർ.
കടവന്ത്ര ഗാന്ധിനഗർ ഉദയ കോളനി താമസിക്കുന്ന വിജയനാണ് (40) മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം നടത്തി. തോളെല്ലിനും വാരിയെല്ലിനും പരിക്കേറ്റ എളമക്കര കൊല്ലാട്ട് രാജശേഖരൻ (63) സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്.
അതേസമയം, വാഹനത്തിൽ സ്കൂൾ യൂനിഫോമിലുള്ള രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നുവെന്ന ദൃക്സാക്ഷികളുടെ മൊഴിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ തടഞ്ഞുവെക്കുമ്പോൾ പെൺകുട്ടികൾ വാഹനത്തിലുണ്ടായിരുന്നില്ല.
പാവക്കുളത്തുനിന്ന് മുന്നോട്ടുപോയശേഷം ഇവരെ കാറിൽനിന്ന് ഇറക്കിയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. കാറിൽ പെൺകുട്ടികൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സ്ഥിരീകരിക്കാൻ അപകടമുണ്ടായ സ്ഥലംമുതൽ കാർ തടഞ്ഞുവെച്ച സ്ഥലം വരെയുള്ള സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. പാവക്കുളം ക്ഷേത്രത്തിനുമുന്നിൽ ഓട്ടോറിക്ഷയിലാണ് ആദ്യം കാറിടിച്ചത്. തുടർന്ന് രാജശേഖരൻ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിലിടിച്ച കാർ ഉന്തുവണ്ടിയുമായ പോയ വിജയനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

