ആപ്പുകൾ സൂക്ഷിക്കണം, ജീവിതം ‘ആപ്പിലാകും’
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: കഴിഞ്ഞദിവസം 16കാരനെ പീഡിപ്പിച്ച് 14 ഓളം പേർ പ്രതികളായ കേസിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കൗമാരക്കാരിൽ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളുടെ ഉദാഹരണമാണ് സംഭവത്തിലൂടെ വെളിവായത്. മൊബൈലിൽ പല ആപ്പുകളും പ്രവർത്തനസജ്ജമാക്കാൻ പാകത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നവയാണ്. ഇത് കുട്ടികൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കൾക്കാണ്. അല്ലെങ്കിൽ കുട്ടികളുടെ ജീവിതം ‘ആപ്പിലാകും’.
ഉപയോഗിച്ചത് സ്വവർഗാനുരാഗികളുടെ ആപ്
ആൺകുട്ടി പീഡനത്തിനിരയായ കേസിൽ പ്രതികൾ ഉപയോഗിച്ചത് സ്വവർഗാനുരാഗികളുടെ ‘ഗ്രൈൻഡർ’ ആപ്. സ്വവർഗാനുരാഗികൾക്ക് പുറമേ ബൈസെക്ഷ്വൽ, ട്രാൻസ്, ക്വിയർ എന്നിങ്ങനെയുള്ള ആളുകൾക്കുവേണ്ടി മാത്രം രൂപകൽപന ചെയ്ത ആപ് വഴിയാണ് പ്രതികൾ കുട്ടിയെ കണ്ടെത്തിയത്. സൗഹൃദം നടിച്ച് വശത്താക്കിയും സമ്മാനങ്ങൾ നൽകിയും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതികൾ പിന്നീട് സാമ്പത്തികനേട്ടത്തിന്റെ വാഗ്ദാനവും നൽകി.
ചെറുവത്തൂർ, കാലിക്കടവിലെ ഒരു ക്ലബ് കെട്ടിടം, കാഞ്ഞങ്ങാട്, പയ്യന്നൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കുട്ടിയുടെ വീട്ടിൽപോലും വേട്ടക്കാർ കുട്ടിയെ ഉപദ്രവിച്ചു. ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള മറ്റ് പല ഡേറ്റിങ് ആപ്പുകളെയും പോലെ ഒരു പ്രൊഫൈലിൽനിന്ന് മറ്റൊന്നിലേക്കുള്ള സ്വൈപ്പിങ് രീതിക്ക് പകരം ‘ഗ്രിഡ്’ ഇന്റർഫേസാണ് ഗ്രൈൻഡർ ഉപയോഗിക്കുന്നത്. സമാന സ്വഭാവക്കാരായ ഉപഭോക്താക്കളുടെ പ്രൊഫൈലുകൾ ദൂരത്തിന്റെ അടിസ്ഥാനത്തിൽ അടുക്കി പ്രദർശിപ്പിക്കുന്നു. ഇങ്ങനെയാണ് വിവിധ ജില്ലക്കാർ കേസിൽ ഉൾപ്പെട്ടത്. അംഗങ്ങൾക്ക് വ്യക്തിപരമായ വിവരങ്ങളും താൽപര്യങ്ങളും എന്ത് ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ചേർത്ത് ഒരു പ്രൊഫൈലുണ്ടാക്കാം.
സാമ്യത ഇല്ലാത്തവർക്കും ഗ്രിഡിലെ ഏത് പ്രൊഫൈലിലും കയറി നേരിട്ട് സന്ദേശങ്ങളയക്കാൻ സാധിക്കും. പ്രൊഫൈലിൽ തൊട്ടാൽ ‘ലൈക്ക്’ ആയി കണക്കാക്കും. പിന്നെ പ്രത്യേക ട്രൈബായി മാറും. പ്രായം, സമൂഹം, റിലേഷൻ, സ്റ്റാറ്റസ് എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെ തിരയാൻ സഹായിക്കുന്ന വിവിധ ഫിൽട്ടറുകളും ആപ്പിലുണ്ട്. ആപ്പിൽ ലൊക്കേഷൻ നിർബന്ധമല്ലെങ്കിലും അത് ഓൺ ചെയ്യുന്ന ഉപഭോക്താക്കളുടെ കൃത്യമായ ലൊക്കേഷൻ അറിഞ്ഞ് ചൂഷണം ചെയ്യാൻ സാധ്യതയുണ്ട്. അപരിചിതരുമായി സംവദിക്കുമ്പോൾ അതിജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് ആപ്പിന്റെ മുന്നറിയിപ്പുമുണ്ട്.
പൊലീസിന് വിവരം ലഭിച്ചത് 14ന്
കുട്ടി ലൈംഗികാതിക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് കാസർകോട് ചൈൽഡ് ലൈനിൽനിന്ന് ചന്തേര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത് സെപ്റ്റംബർ 14ന്. തുടർന്നുള്ള അന്വേഷണത്തിൽ ഇരയുടെ മൊഴിപ്രകാരം ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. 16 പ്രതികൾക്കെതിരെ 15 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടത്തുന്ന ഒമ്പതു കേസുകളിലെ 10 പ്രതികളിൽ ഒമ്പതു പേരെ ഇപ്പോൾ അറസ്റ്റ് ചെയ്തു.
സംഭവസ്ഥലം ചന്തേര സ്റ്റേഷൻ പരിധിയിലല്ലാത്തതിനാൽ ആറു കേസുകൾ കണ്ണൂർ റൂറലിലെ പയ്യന്നൂർ, കോഴിക്കോട് സിറ്റിയിലെ കസബ, കൊച്ചി സിറ്റിയിലെ എളമക്കര എന്നീ സ്റ്റേഷനുകളിലേക്ക് അയക്കുകയും ചെയ്തുവെന്ന് കാസർകോട് പൊലീസ് മേധാവി അറിയിച്ചു. ജില്ല പൊലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ചന്തേര ഇൻസ്പെക്ടർ ചീമേനി, വെള്ളരിക്കുണ്ട്, നീലേശ്വരം, ചിറ്റാരിക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

