ദലിതനായതിന്റെ പേരിൽ കോളജ് അധികൃതർ വേട്ടയാടി; ആഗ്രയിൽ ദലിത് എം.ബി.ബി.എസ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
text_fieldsആഗ്ര: ഫിറോസാബാദ് മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരനായ ശൈലേന്ദ്ര കുമാറിനെയാണ് ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ദലിതനായതിനാൽ കോളജ് അധികൃതർ നിരന്തരം മകനെ വേട്ടയാടിയിരുന്നുവെന്ന് ശൈലേന്ദ്ര കുമാറിന്റെ കുടുംബം ആരോപിച്ചു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. സംഗീത അനീജ, പരീക്ഷ കൺട്രോളർ ഗൗരവ് സിങ്, ഹോസ്റ്റൽ വാർഡൻമാരായ മുനീഷ് ഖന്ന, നൗഷർ ഹുസൈൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയുഷ് ജെയിൻ എന്നിവർക്കെതിരെ കേസെടുത്തു. മരണത്തിൽ പ്രതിഷേധം വ്യാപകമായതിനാൽ കനത്ത സുരക്ഷയിലാണ് ശൈലേന്ദ്ര കുമാറി അന്ത്യകർമങ്ങൾ നടത്തിയത്.
അടുത്തിടെ ആരംഭിച്ച കോളജ് സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനത്തിലാണ് ശൈലേന്ദ്ര കുമാർ പഠിച്ചിരുന്നത്. കോളജിലെ അപാകതകൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനുമെതിരെ എതിരെ മകൻ ശബ്ദമുയർത്തിയിരുന്നെന്ന് പിതാവ് ഉദയ് സിങിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതിന്റെ പ്രതികാരമായി ശൈലേന്ദ്ര കുമാറിനെ പരീക്ഷയിൽ തോൽപ്പിക്കുമെന്നും സസ്പെൻഡ് ചെയ്യുമെന്നും കോളജ് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ നടന്ന ഫിസിയോളജി പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്തില്ല. മണിക്കൂറുകൾക്ക് ശേഷം അവനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

