യു.പിയിൽ ദലിത് യുവാവിനെ മർദിച്ച് ഷൂ നക്കിച്ചു; ലൈൻമാൻ അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ദലിത് യുവാവിനെ മർദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ച സംഭവത്തിൽ ലൈൻമാൻ അറസ്റ്റിൽ. യു.പിയിലെ സോൺഭദ്ര ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. വൈദ്യുത വയറിങ് തകരാറിലായത് പരിശോധിച്ചതിൽ പ്രകോപിതനായതിനെ തുടർന്നാണ് കരാർ ജോലിക്കാരനായ ലൈൻമാൻ തേജ്ബലി സിങ് പട്ടേൽ രാജേന്ദ്ര ചമറിനെ മർദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ചത്. ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
21 വയസുള്ള ദലിത് യുവാവിനെ ലൈൻമാൻ ക്രൂരമായി മർദിക്കുന്നതാണ് ഒരു വിഡിയോയിലുള്ളത്. ദലിത് യുവാവ് ലൈൻമാന്റെ ഷൂ നക്കുന്നതാണ് രണ്ടാമത്തെ വിഡിയോയിൽ. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
സൊൻഭദ്ര ജില്ലയിലെ ഷഹ്ഗഞ്ച് മേഖലയിലെ കരാർ ലൈൻമാനായ തേജ്ബലി സിങ് പട്ടേൽ ആണ് പ്രതിയെന്ന് തിരിച്ചറിയുകയും ചെയ്തു. രാജേന്ദ്ര ചമറിന്റെ പരാതിയിൽ ഷാഹ്ഗഞ്ജ് പൊലീസ് കേസെടുക്കുകയും പട്ടേലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയതായിരുന്നു താനെന്നും വൈദ്യുത ലൈനിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടെന്നും അത് പരിശോധിക്കുമ്പോഴാണ് സ്ഥലത്തെത്തിയ തേജ്ബലി സിങ് പട്ടേൽ മർദിച്ചതെന്നും ചമർ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് സ്വിറ്റ് അപ് ചെയ്യിക്കുകയും അയാളുടെ ഷൂ നക്കാൻ നിർബന്ധിക്കുകയും ചെയ്തു. രണ്ടുദിവസം പരാതി നൽകാൻ ശ്രമിക്കാതെ വീട്ടിൽ തന്നെയിരുന്നു. ഇതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് പരാതി നൽകിയത്.-ചമർ കൂട്ടിച്ചേർത്തു.
പട്ടേലിനെതിരെ ഐ.പി.സി സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 504 (സമാധാന ലംഘനം, മനപൂർവം അപമാനിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

