യു.പിയിൽ കള്ളനെന്ന് വിളിച്ച് ദലിത് യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു; യോഗി സർക്കാർ വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും അന്തരീക്ഷം വളർത്തുന്നുവെന്ന് കോൺഗ്രസ്
text_fieldsഒക്ടോബർ ഒന്നിനാണ് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഹരി ഓം എന്ന ദലിത് യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നത്. ഡ്രോൺ മോഷ്ടാവെന്നാരോപിച്ചായിരുന്നു അത്. യാതൊരു ദയയുമില്ലാതെ തല്ലിച്ചതച്ചതിനു ശേഷം അവശനായ യുവാവിനെ റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. അവിടെ വെച്ചായിരുന്നു യുവാവിന്റെ അന്ത്യവും. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികളിൽ ദലിത്/മറ്റ് പിന്നാക്ക വിഭാഗക്കാരും ഉൾപെട്ടിട്ടുണ്ട്. മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഹരി ഓമിന്റെ കൊലപാതകത്തോടെ ഇന്ത്യയിൽ ജാതീയ കലാപവും ആൾക്കൂട്ട കൊലപാതകങ്ങളും വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.
വീടുകളിൽ നിന്ന് ഡ്രോണുകൾ വഴി സാധനങ്ങൾ മോഷ്ടിക്കുന്നുവെന്ന അഭ്യൂഹം മൂലമുണ്ടായ പരിഭ്രാന്തിയാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. എന്നാൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുയായികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രേരിത ആക്രമണമാണിതെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ആരോപിക്കുന്നത്. രാഹുൽ ഗാന്ധി ഹരി ഓമിന്റെ കുടുംബത്തെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ഓമിന്റെ പിതാവുമായും സഹോദരനുമായുമാണ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടത്. ഈ അനീതിക്കെതിരായ പോരാട്ടത്തിൽ താൻ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി.
യുവാവിനെ ആൾക്കൂട്ടം മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അതിൽ യുവാവ് രാഹുൽ ഗാന്ധി എന്നതുൾപ്പെടെ ചില വാക്കുകൾ പറയുന്നതും വിഡിയോയിൽ അവ്യക്തമായി കേൾക്കാം. തുടർന്ന് ഇവിടെയുള്ള എല്ലാവരും ബാബയോടൊപ്പമാണ് എന്നും പറഞ്ഞ് മർദനം തുടരുകയാണ്.
ഒക്ടോബർ ഒന്നിന് തന്റെ ഗ്രാമമായ താരാവതിയിൽ നിന്ന് ഉഞ്ചഹാറിലേക്ക് പോവുകയായിരുന്നു ഹരി ഓം എന്ന 38 കാരൻ. ഡ്രോൺ മോഷ്ടാവ് എന്നാരോപിച്ച് ആൾക്കൂട്ടം ഇദ്ദേഹത്തെ മർദിച്ചു. റായ്ബറേലിയിലെയും സമീപപ്രദേശങ്ങളിലെയും വീടുകളിൽ നിന്ന് ഡ്രോണുകൾ വഴി സാധനങ്ങൾ മോഷ്ടിക്കുന്നുവെന്ന പ്രചാരണങ്ങൾ ഭീതി പരത്തുന്നതിനിടെയാണ് ഈ സംഭവം. വടികൾ കൊണ്ടും ബെൽറ്റുപയോഗിച്ചുമാണ് അക്രമികൾ യുവാവിനെ ആക്രമിച്ചത്. മർദിച്ച് അർധബോധാവസ്ഥയിലാക്കിയ ശേഷം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിക്കുന്നു.
സംഭവത്തെ ശക്തമായി വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും അന്തരീക്ഷം വളർത്താനാണ് യോഗിസർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രധാനമായും ഉയർന്ന ആരോപണം. യോഗിയെ പിന്തുണക്കുന്നവരാണ് വിഡിയോയിൽ ബാബ എന്ന് പറയുന്നതെന്നും ആക്രമണത്തിന്റെ സമയത്ത് രാഹുൽ ഗാന്ധി എന്ന് വിളിച്ച് യുവാവ് ഉറക്കെ കരയുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കൊലപാതകമാണിതെന്നതിന്റെ തെളിവാണെന്നും കോൺഗ്രസ് ആരോപിച്ചു.
ഉത്തർപ്രദേശിൽ അടുത്തിടെ പ്രചരിച്ച ഒരു കിംവദന്തിയാണ് ഡ്രോൺ മോഷ്ടാക്കൾ എന്നത്. കവർച്ചയുടെ ഭാഗമായി മോഷ്ടാക്കൾ വീടുകൾ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കുന്നു എന്നായിരുന്നു ആ പ്രചാരണം. ഡ്രോൺ മോഷ്ടാക്കളെന്നാരോപിച്ച് ഗ്രാമീണർ അപരിചിതരെ പിടികൂടി മർദിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

