സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsപോത്തൻ അഭിലാഷ്
കട്ടപ്പന: കൊലപാതകവും മൂന്ന് വധശ്രമവും ബലാത്സംഗവും അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കട്ടപ്പന അമ്പലക്കവല കാവുംപടി മഞ്ഞാങ്കൽ പോത്തൻ അഭിലാഷിനെയാണ്(40) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യാ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സഹോദരിയെയും സഹോദരിയുടെ 17 കാരനായ മകനെയും വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെ കട്ടപ്പന ഡിവൈ.എസ്.പി.യുടെ കീഴിലെ പ്രത്യേക സംഘം അതിർത്തി മേഖലയിലെ ഏലക്കാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പോത്തൻ എന്നും ആന അഭിലാഷ് എന്നും അറിയപ്പെടുന്ന പ്രതി ചെറുപ്പം മുതൽ മറ്റുള്ളവരെ ക്രൂരമായ ആക്രമിക്കുന്ന സ്വഭാവക്കാരനായിരുന്നു. 2009ൽ സുഹൃത്തിന്റെ മാതാവിനെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. അറസ്റ്റ് ചെയ്യാനെത്തുമ്പോൾ കത്തി വീശി പൊലീസിനെ നേരിടുന്നത് പതിവാണ്. ഇടുക്കി ശാന്തൻപാറ കെ.ആർ. വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം ഏലക്കാടുകൾക്കിടയിലൂടെ ഓടിച്ചിട്ട് മൽപിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയുടെ എല്ലാ കേസുകളിലെയും ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയതായും കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.
2018ൽ കാപ്പ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച അയൽവാസിയായ ഓട്ടോ ഡ്രൈവർ ഷാജി ശരീരം തളർന്ന് കിടപ്പിലാണ്. ഈ കേസിൽ ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

