നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുണ്ട നിയമപ്രകാരം അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. മേനംകുളം തുമ്പ പുതുവൽ പുരയിടത്തിൽ ഡാലിയ ഹൗസിൽ അജിത് ലിയോൺ എന്ന ലിയോൺ ജോൺസനെ (29) യാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം, തുമ്പ, മണ്ണന്തല, കഠിനംകുളം, കടയ്ക്കാവൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി ഇയാൾക്കെതിരെ ഇരുപതോളം കേസുകൾ നിലവിലുണ്ട്.
2015ൽ മേനംകുളം ആറാട്ടുവഴി പാലത്തിനു സമീപം യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്, മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധം മൂലം തുമ്പ ആറാട്ടുകുഴി പാലത്തിനു സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ആറാട്ടുകുഴി ജങ്ഷനു സമീപം വെച്ച് സ്ത്രീയെയും മകനെയും സംഘം ചേർന്ന് ദേഹോപദ്രവമേൽപിച്ച കേസ്, കഠിനംകുളം പുതുക്കുറിച്ചിയിലുള്ള വീട്ടിൽ കയറി സ്വർണവും പണവും മൊബൈൽ ഫോണും കവർന്ന കേസ്, പള്ളിത്തുറ ശാന്തിനഗറിലുള്ള വീട്ടിൽ കയറി സ്വർണവും പണവും കവർന്ന കേസ്, നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ വിൽപനക്കിടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടിയിലായ കേസ്, പെരുമാതുറ ഭാഗത്തുവെച്ച് മയക്കുമരുന്ന് വിൽപനക്കിടെ പിടിയിലായതുൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണിയാൾ.
ഡെപ്യൂട്ടി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം സൈബർ സിറ്റി എ.സി.പി ഹരി സി.എസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്. ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒമാരായ സജാദ് ഖാൻ, നസിമുദ്ദീൻ, സി.പി.ഒ അരുൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

