സ്റ്റേഷനിൽ അതിക്രമിച്ച് കയറി കത്തിവീശി; പിടികൂടാനെത്തിയ എ.എസ്.ഐയെ വെട്ടിയ കുറ്റവാളി പിടിയിൽ
text_fieldsഷിബു എസ്. നായർ
പൂവാർ: സ്റ്റേഷനിൽ അതിക്രമിച്ച് കയറി കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിടികൂടാനെത്തിയ എ.എസ്.ഐയെ വെട്ടി പരിക്കേൽപിക്കുകയും ചെയ്ത ക്രിമിനൽ കേസ് പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നാൽപതോളം ക്രിമിനൽ കേസുകളിലെ പ്രതിയും നല്ല നടപ്പിന് ജാമ്യത്തിലിറങ്ങിയ കൊടും കുറ്റവാളിയുമായ കാഞ്ഞിരംകുളം ചാണി പണ്ടാരവിള കനാൻ കോട്ടേജിൽ ഷിബു എസ്. നായർ (49) ആണ് പിടിയിലായത്.
കാഞ്ഞിരംകുളം സ്റ്റേഷനിൽ അതിക്രമിച്ചുകയറി എസ്.ഐക്കും പൊലീസുകാർക്കും നേരെ പെട്രോളും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി. രാത്രിയിൽ വീട്ടിൽനിന്ന് പിടിക്കാൻ പോയ പൊലീസ് ഉദ്യോഗസ്ഥനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. പാസ്റ്റർ ചമഞ്ഞ് വയോധികരും വിധവകളുമായ സ്ത്രീകളിൽനിന്ന് സ്വർണവും പണവും പിടിച്ചുപറിച്ചതടക്കം കേരളത്തിലെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
നല്ലനടപ്പിന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം സ്റ്റേഷൻ പരിധിയിൽ അനധികൃത പണപ്പിരിവ് നടത്തുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐയും സംഘവും ഇയാളെ പറഞ്ഞ് വിലക്കിയിരുന്നു. ഇതിന്‍റെ വിരോധം തീർക്കാൻ ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കുപ്പിയിൽ പെട്രോളും സിഗറ്റ് ലാമ്പും കത്തിയുമായി സ്റ്റേഷനിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് എത്തുന്നതിനിടെ ഇയാൾ രക്ഷപ്പെട്ടു.
വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതോടെ പിടികൂടാനായി രാത്രി ചാവടിയിലെ വീട്ടിലെത്തിയ പൊലീസ് സംഘത്തെ പ്രതി മൂർച്ചയുള്ള സ്റ്റീൽ കത്തിയും മണ്ണെണ്ണയും സിഗരറ്റ് ലാമ്പുമായി നേരിട്ടു. കത്തി കൊണ്ട് വെട്ടേറ്റ് എ.എസ്.ഐ ജയപ്രസാദിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇടതു കൈക്ക് പരിക്കേറ്റ ജയപ്രസാദിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ മണ്ണെണ്ണ പൊലീസുകാരുടെയും സ്വന്തം ദേഹത്തും ഒഴിച്ച് കത്തിക്കാനുള്ള ശ്രമവും നടത്തി. മണിക്കൂറുകളോളം പൊലീസുകാരെ വട്ടം കറക്കി. അട്ടഹാസവും അസഭ്യവർഷവുമായി അഴിഞ്ഞാടിയ ഷിബു പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രാത്രിയിൽ തന്നെ മുങ്ങി. ഊർജിത അന്വേഷണം നടത്തിയ പൊലീസ് തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയെ സാഹസികമായി പിടികൂടി.
കാഞ്ഞിരംകുളം സി.ഐ പി. രതീഷ്, എസ്.ഐമാരായ അനീഷ്, അഭിജിത്ത്, ഉദ്യോഗസ്ഥരായ നിതിൻ, അരുൺ, അഖിൽ, സജീഷ്, ശ്രീജിത്ത്, നിഖിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരമുളള നടപടി സ്വീകരിച്ച് വരികയാണെന്ന് സി.ഐ രതീഷ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

