കൊലക്കേസ് പ്രതിയായ മോഷ്ടാവ് പിടിയിൽ
text_fieldsരതീഷ്
മണ്ണഞ്ചേരി: ബേക്കറിയിൽനിന്ന് അഞ്ച് ലക്ഷത്തോളം രൂപ കവർന്ന കൊലക്കേസ് പ്രതിയായ മോഷ്ടാവിനെ പിടികൂടി. കാസർകോട് ഹോസ്ദുർഗ് പാനത്താടി തുരുമ്പുകൽ വീട്ടിൽ രതീഷാണ് (59) പിടിയിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കഴിഞ്ഞ 21ന് രാത്രിയായിരുന്നു മോഷണം. ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജങ്ഷന് സമീപം ഹിമാലയ ബേക്കറിയിലാണ് മോഷണം നടത്തിയത്.
സമീപത്തെ ധ്യാനകേന്ദ്രത്തിലേക്കെന്ന പേരിൽ എത്തുകയും വാടകവീട്ടിൽ കഴിയുകയുമായിരുന്നു. ബേക്കറിയെ കുറിച്ച് നല്ലതുപോലെ മനസ്സിലാക്കിയ ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. പുലർച്ച സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെടാതെ എത്തിയ ഇയാൾ പ്രധാന വാതിലിന്റെ തെക്കു വശത്തുള്ള ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയാണ് അകത്തുകടന്നത്. ഇരുനിലയിലായി പ്രവർത്തിക്കുന്ന ബേക്കറിയിലെ പ്രധാന കാഷ് കൗണ്ടറിലും മുകൾ നിലയിലെ പണപ്പെട്ടിയിലുംനിന്ന് പണമെടുത്തു. തുടർന്ന് സ്ഥാപന ഉടമയുടെ കാബിനിൽ കയറി ഇവിടെ ബാഗിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും കവർന്നു. സി.സി.ടി.വി കാമറകൾ തിരിച്ചുെവച്ചെങ്കിലും അതുവരെയുള്ള ദൃശ്യങ്ങൾ ലഭിച്ചു.
സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ച മോഷ്ടാവിന്റെ വിരലടയാളമാണ് തുമ്പായത്. കൊലക്കേസ് ഉൾപ്പെടെ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളുടെ വിവരങ്ങൾ പൊലീസിന്റെ രേഖകളിൽനിന്ന് ലഭ്യമായതോടെ മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞു. തുടർന്ന് മണ്ണഞ്ചേരി പൊലീസ് കാസർകോട് ഇയാളുടെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. മൂന്ന് ലക്ഷത്തോളം രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു.