യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസ്; ഒളിവിൽ പോയ പ്രതികൾ ഇതര സംസ്ഥാനക്കാർ
text_fieldsകൊടുങ്ങല്ലൂർ: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച കേസിൽ അവശേഷിക്കുന്ന രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഒന്നാം പ്രതി ബംഗാൾ സ്വദേശി കിഷൻ, അഞ്ചാം പ്രതി സഞ്ജയ് എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇരുവരും ആശ്രമത്തിലെ അന്തേവാസികളാണ്. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ തിരിച്ചറിയുന്നതിൽ നിർണായകമായത്.
ആലപ്പുഴ സ്വദേശി സുദർശനനാണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റു പ്രതികളായ എറണാകുളം കൂനമ്മാവ് ഇവാഞ്ചലിക്കൽ ആശ്രമം നടത്തിപ്പുകാരൻ അമൽ എന്ന ഫ്രാൻസിസ്, വളർത്തുമകൻ അരോമൽ, സമീപവാസി നിതിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത്. സുദർശനൻ ആക്രമിക്കപ്പെട്ടതാണെന്ന് വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 18ന് എറണാകുളം സെൻട്രൽ പൊലീസ് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നിലയിൽ കണ്ടെത്തിയ സുദർശനനെ ഇവാഞ്ചലിക്കൽ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.
എന്നാൽ, ഉടമ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതത്രെ. അതേസമയം, സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വാഹനത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതികളിലേക്ക് എത്തുകയായിരുന്നു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലെ പൂർണിമ ജ്വല്ലറി, താലൂക്ക് ആശുപത്രി മോർച്ചറി എന്നിവിടങ്ങളിൽ ഉൾപ്പെടെ നിരവധി സി.സി.ടി.വിയിൽ ദൃശ്യമായ വാഹനത്തിന്റെ നമ്പർ ലഭിച്ചത് എറണാകുളം ജില്ലയിലെ വടക്കേക്കരയിൽ നിന്നാണെന്ന് അറിയുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന രക്തമെല്ലാം കഴുകി വൃത്തിയാക്കിയശേഷം അറസ്റ്റിലായവരും അഞ്ചാം പ്രതി സഞ്ജയും കൂടിയാണ് സുദർശനനെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചത്. 20ന് രാത്രി 12 മണിയോടെ കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിൽ തള്ളിയ സുദർശനനെ അടുത്ത ദിവസം രാവിലെയാണ് നാട്ടുകാർ കണ്ടത്. അതേസമയം, കേസ് സംഭവം നടന്ന വരാപ്പുഴ പൊലീസിന് കൈമാറിയേക്കും. സംഭവത്തിൽ സാമുദായിക സ്പർധ വളർത്താൻ ശ്രമം നടത്തിയെങ്കിലും കൊടുങ്ങല്ലൂർ പൊലീസ് അതിവേഗം പ്രതികളിലേക്ക് എത്തിയതോടെ ഈ ശ്രമം പൊളിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

