ഗൃഹനാഥനെ കെട്ടിയിട്ട് 46 പവനും അര ലക്ഷവും കവർന്നു
text_fieldsപൊലീസും വിരലടയാള വിദഗ്ധരും മോഷണം നടന്ന തൃശൂർ മണ്ണുത്തി വെട്ടിക്കൽ സ്വദേശി സോമശേഖരന്റെ വീട്
പരിശോധിക്കുന്നു
മണ്ണുത്തി (തൃശൂർ): വെട്ടിക്കലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുടമയെ കെട്ടിയിട്ട് 46 പവൻ സ്വർണാഭരണങ്ങളും അമ്പതിനായിരം രൂപയും കവർന്നു. മുല്ലക്കര ഡോൺ ബോസ്കോ സ്കൂളിന് എതിർവശം വെട്ടിക്കൽ ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനും രണ്ടരക്കും ഇടയിലായിരുന്നു അതിക്രമവും മോഷണവും.
മൂന്നുപേർ വീട്ടിലെത്തുകയും ഒരാൾ തന്റെ കൈകൾ കൂട്ടികെട്ടുകയും മർദിച്ചതായും മറ്റു രണ്ടുപേർ വീടാകെ തിരച്ചിൽ നടത്തി ആഭരണങ്ങളും പണവും കവർന്നതായും സോമശേഖരൻ പറഞ്ഞു. കഴുത്തിലെ രണ്ടുപവന്റെ മാലയും നാല് ഗ്രാം വരുന്ന മോതിരവും മരുമകളുടെ 27 പവൻ സ്വർണാഭരണങ്ങളും ഭാര്യയുടെ 17 പവനുമാണ് കവർന്നത്. ശനിയാഴ്ച ഉച്ചക്കുശേഷം ഇയാളുടെ ഭാര്യ മകളുടെ വീട്ടിലേക്കും മരുമകളും ചെറുമക്കളും മരുമകളുടെ വീട്ടിലേക്കും പോയിരുന്നു. മകൻ വിദേശത്താണ്.
രാത്രിയിൽ പിന്നിലെ ഗ്രിൽ അടച്ചിരുന്നുവെങ്കിലും തകരാറുള്ള പിൻഭാഗത്തെ വാതിൽ അടച്ചിരുന്നില്ലെന്ന് സോമശേഖരൻ മൊഴി നൽകിയിട്ടുണ്ട്. ഗ്രിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മണ്ണുത്തി പൊലീസും ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവർച്ചക്ക് വന്നവരുടെ സംസാരരീതി അന്തർ സംസ്ഥാന തൊഴിലാളികളുടെ ശൈലിയാണെന്നും വളരെ കുറച്ചു വാക്കുകൾ മാത്രമാണ് പറഞ്ഞതെന്നുമാണ് മൊഴി.
വളരെ ചെറിയ പോയന്റുള്ള പെൻ ടോർച്ചാണ് തിരച്ചിലിന് ഉപയോഗിച്ചത്. അതുകൊണ്ട് മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും സേമശേഖരൻ മൊഴി നൽകി. മർദിച്ചതും കൈകൾ കെട്ടിയതും ഉയരം കുറഞ്ഞ ഒരാളാണെന്നാണ് സേമശേഖരൻ പറയുന്നത്. രണ്ടരയോടെ മോഷ്ടാക്കൾ രക്ഷപെട്ടശേഷം കൈയിലെ കെട്ട് സ്വയം അഴിച്ച് ഇയാൾ തന്നെയാണ് പൊലീസിനെ വിളിച്ചതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

