വാക്കുതർക്കത്തിനിടെ ചവിട്ടേറ്റ ഗൃഹനാഥൻ മരിച്ചു
text_fieldsഭുവനചന്ദ്രൻ
കഴക്കൂട്ടം: കഴക്കൂട്ടം ജങ്ഷനിൽ ഗൃഹനാഥൻ ചവിട്ടേറ്റുമരിച്ചു. കഴക്കൂട്ടം നെട്ടയകോണം പുതുവൽപുത്തൻ വീട്ടിൽ കെ. ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്. ആക്രിവസ്തുക്കൾ ശേഖരിക്കുന്നയാളാണ് ഭുവനചന്ദ്രനെ ചവിട്ടി വീഴ്ത്തിയത്. ഇയാൾ ഒളിവിലാണ്.
ഇന്നലെ രാവിലെ 10.30ന് കഴക്കൂട്ടം അമ്പലത്തിൻകര കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഭുവനചന്ദ്രൻ ജോലി നോക്കുന്ന റോഡുവക്കിലെ കരിക്ക് വിൽക്കുന്ന കടയിൽ സംസാരിച്ചു നിൽക്കവെ അതുവഴി വന്ന ആക്രി പെറുക്കുന്നയാളുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കരൾ സംബന്ധമായ രോഗത്തിന് അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ.
വയറ്റിൽ ചവിട്ടേറ്റ ആഘാതത്തിൽ റോഡിൽ കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാഗികമായി അംഗവൈകല്യമുള്ള പ്രതിയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ പ്രതിയെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടികൂടുമെന്നും കഴക്കുട്ടം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

