ജ്വല്ലറിയില്‍നിന്ന് ഏഴരക്കോടി തട്ടിയ കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
text_fieldsസിന്ധു
കണ്ണൂര്‍: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയില്‍നിന്ന് ജീവനക്കാരി ഏഴരക്കോടി തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷണം പൂര്‍ത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്ഥാപനത്തിലെ മുന്‍ ചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കലിലെ കെ. സിന്ധുവും ഭര്‍ത്താവ് ബാബുവുമാണ് കേസില്‍ പ്രതികള്‍. ജ്വല്ലറി മാനേജിങ് പാര്‍ട്ണര്‍ ഡോ. സി.വി. രവീന്ദ്രനാഥിന്റെ പരാതിയില്‍ 2023 ജൂലൈ മൂന്നാം തീയതിയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.
കണക്കുകളില്‍ കൃത്രിമം കാണിച്ച് സിന്ധു ഏഴരക്കോടി തട്ടിയെടുത്തെന്നായിരുന്നു പരാതി. പിന്നീട്, ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു. ഡിവൈ.എസ്.പി ടി.പി. സുമേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഇൻസ്പെക്ടർ ബി. അനീഷാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
65ഓളം രേഖകള്‍ പരിശോധിക്കുകയും 60 സാക്ഷികളെ ചോദ്യം ചെയ്തുമാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എസ്.ഐ കെ. ശ്രീജിത്ത്, എ.എസ്.ഐമാരായ ശശിപ്രസാദ്, കാര്‍ത്തിക, രൂപേഷ്, സി.പി.ഒ ശ്രീരാജ് എന്നിവരും കേസന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു.
ആഡംബര ജീവിതം, ധൂർത്ത്
സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു ഉടമകളുടെ വിശ്വാസം പിടിച്ചുപറ്റി കണക്കുകളില്‍ കൃത്രിമം കാണിച്ച് ഏഴരക്കോടി തട്ടിയെടുത്തത് ആഡംബര ജീവിതം നയിക്കാൻ. ചിറക്കലിൽ നീലാഞ്ജനമെന്ന പേരിൽ ആഡംബര വീട് നിർമിച്ചു. ലിഫ്റ്റ് സൗകര്യമുള്ള അത്യാധുനിക സൗകര്യമുള്ള കോടികളുടെ വിലവരുന്ന വീടാണ് നിർമിച്ചത്.
ഇതുകൂടാതെ സിന്ധുവിന്റെ ഭർത്താവ് ബാബു കണ്ണൂർ നഗരത്തിലും ഗൾഫിലും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നു. ഇയാളും കോടികൾ ധൂർത്തടിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കോടികൾ തട്ടിയിട്ടും മാസങ്ങൾക്കു ശേഷമാണ് ഉടമകൾ വിവരമറിഞ്ഞത്. അടുപ്പമുള്ളവർക്കെല്ലാം സിന്ധു സാമ്പത്തിക സഹായം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

