ക്രെഡിറ്റ് സൊസൈറ്റി കവർച്ച; മാസങ്ങൾ നീണ്ട ആസൂത്രണം, അഭിമാനമായി പാലക്കാട് പൊലീസ്
text_fieldsമരുത റോഡ് കോഓപറേറ്റിവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റി
കവർച്ച കേസിലെ പ്രതി നിഖിൽ അശോക് ജോഷിയെ
കസബ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
പാലക്കാട്: മരുതറോഡ് കോഓപറേറ്റിവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റി കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിലായ നിഖിൽ അശോക് ജോഷി എന്ന പരേഷ് അംബുർലി കേരളത്തിൽ താമസിച്ച് ആസൂത്രണം നടത്തിയത് ഒരു മാസത്തോളം. കാസർകോട് മുതൽ പാലക്കാട് വരെയുള്ള വിവിധ സഹകരണ ബാങ്കുകൾ പ്രതി നോട്ടമിട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തതും ആൾ പെരുമാറ്റം കുറഞ്ഞതുമായ ബാങ്കുകൾ അന്വേഷിച്ച് ഒടുവിൽ എത്തിയത് പാലക്കാട് മരുത റോഡ് ക്രെഡിറ്റ് സൊസൈറ്റിയിൽ. പാലക്കാട് വിവിധ ലോഡ്ജുകളിൽ റൂമെടുത്ത് താമസിക്കുകയും പകൽസമയം കാറിൽ സഞ്ചരിക്കുകയും സഹകരണ ബാങ്കുകളെക്കുറിച്ച് ഗൂഗ്ളിൽ പരിശോധിക്കുകയും നേരിട്ട് ചെന്ന് കണ്ട് ഉറപ്പാക്കുകയും ചെയ്തു. നല്ലേപ്പുള്ളി സഹകരണ ബാങ്ക്, ചിറ്റൂർ സഹകരണ ബാങ്ക്, പുതുനഗരം സഹകരണ ബാങ്ക്, കൊടുവായൂർ സഹകരണ ബാങ്ക്, ആലത്തൂർ സഹകരണ ബാങ്ക്, വടക്കഞ്ചേരി സഹകരണ ബാങ്ക്, കൊട്ടേക്കാട് സഹകരണ ബാങ്ക്, ആറ്റാശ്ശേരി സഹകരണ ബാങ്ക്, മണ്ണാർക്കാട് സഹകരണ ബാങ്ക് എന്നിവ കൂടാതെ ജില്ലയിലെ വിവിധ ഇൻഷുറൻസ് സ്ഥാപനങ്ങളെക്കുറിച്ചും മറ്റ് ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും പ്രതി ഗൂഗ്ളിൽ സെർച്ച് ചെയ്തതായി കണ്ടെത്തി. ഒടുവിൽ ചന്ദ്രനഗർ മേൽപാലത്തിനുസമീപം സർവിസ് റോഡിൽ സ്ഥിതിചെയ്യുന്ന മരുത റോഡ് സഹകരണ ബാങ്ക് പ്രതി കവർച്ച ചെയ്യാൻ പദ്ധതിയിട്ടു.
കവർച്ചക്ക് കുറച്ചുദിവസം മുമ്പ് പ്രതി ബാങ്കിൽ 2000 രൂപക്ക് ചില്ലറ വാങ്ങാനെന്ന വ്യാജേന നേരിട്ട് ചെന്ന് സംവിധാനങ്ങൾ പഠിച്ചു മനസ്സിലാക്കി. പിന്നീട് ജൂലൈ 24ന് രാത്രി 8.30ന് ബാങ്കിനുള്ളിലേക്ക് പൂട്ടുതകർത്ത് കയറിയ പ്രതി പുലർച്ച 5.30ഓടെയാണ് സ്വർണവുമായി പുറത്തിറങ്ങുന്നത്. ബാറ്ററിയിൽ പ്രവൃത്തിക്കുന്ന ഡ്രില്ലറും ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് ലോക്കർ തകർത്തത്. അലാറവും സി.സി.ടി.വിയും നശിപ്പിച്ചു. കവർച്ചക്കുശേഷം സി.സി.ടി.വിയുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ഹാർഡ് ഡിസ്ക്കും എടുത്തുകൊണ്ടുപോയിരുന്നു.
ആഡംബര ജീവിതം; തൊഴിൽ മോഷണം
പാലക്കാട്: പ്രതി നിഖിൽ അശോക് ജോഷി എന്ന പരേഷ് അംബുർലി ആഡംബര ജീവിതമാണ് നയിച്ചുവന്നിരുന്നതെന്ന് െപാലീസ് പറഞ്ഞു. വിവാഹ മോചിതനായ നിഖിൽ ആഡംബര ഹോട്ടലുകളിൽ ഒറ്റക്കാണ് താമസിക്കുന്നത്. കിട്ടുന്ന പണമെല്ലാം ആഡംഭര ജീവിതത്തിനും കൂട്ടുകാരുമായി പാർട്ടികൾ നടത്തി ആഘോഷിക്കാനുമാണ് െചലവഴിച്ചിരുന്നത്. ലക്ഷങ്ങളാണ് ഓരോ മാസവും െചലവിനായി വേണ്ടിവരുന്നത്. ഗോവയിലെ 'സുപ്പാരി കില്ലേഴ്സ്' അഞ്ചംഗ ഗുണ്ടാസംഘത്തിെൻറ തലവനായി ഇയാൾ വർഷങ്ങളോളം വിലസിയിരുന്നു. പത്താം ക്ലാസുവരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള നിഖിൽ ഇൻറർനെറ്റിൽനിന്നാണ് മോഷണ വൈദഗ്ധ്യം നേടിയത്.
അഭിമാനമായി പാലക്കാട് പൊലീസ്
പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞത് വെറും 10 ദിവസം കൊണ്ട്. ആസൂത്രിതമായ കവർച്ചയിലെ പ്രതിയിലേക്ക് പൊലീസ് വളരെ പെട്ടെന്നാെണത്തിയത്. വിദഗ്ധമായി കവർച്ച ആസൂത്രണം ചെയ്തത് അന്വേഷണത്തിെൻറ പ്രാരംഭ ഘട്ടത്തിൽ വെല്ലുവിളിയായിരുന്നു. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെൻറ നേതൃത്വത്തിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡ് ഉൾപ്പെടെ 20 അംഗ സംഘത്തിന് രൂപം നൽകി അന്വേഷണം ഊർജിതമാക്കി.
കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ എന്നിവരുടെ സഹായത്തോടെ സംഭവ ദിവസവും സമയവും നിശ്ചയിക്കാൻ കഴിഞ്ഞത് സഹായമായി. വൈദ്യുതി ബന്ധം വിച്ഛേദിച്ച സമയം 24ന് രാത്രി 9.30നും 10നും ഇടയിലാണെന്ന് കണ്ടെത്തി. അതേസമയം തന്നെ ഇൻറർനെറ്റ് ബന്ധവും വിച്ഛേദിച്ചതായി കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘത്തെ വിവിധ ടീമുകളാക്കി പാലക്കാട് മുതൽ കോയമ്പത്തൂർ, തൃശൂർ, മലപ്പുറം വരെയുള്ള വിവിധ ലോഡ്ജുകൾ, സി.സി.ടി.വി കാമറകൾ, എം.വി.ഡി കാമറകൾ എന്നിവ പരിശോധിച്ചു.
ഇതിനിടെ സംഭവ സ്ഥലത്തിൽനിന്ന് ഏകദേശം അരകിലോമീറ്റർ മാറി സി.സി.ടി.വി കാമറയിൽ രാത്രി പതിഞ്ഞ നിഴൽ രൂപമാണ് വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ ലഭിച്ചു. പ്രതി വന്ന വാഹനവും താമസിച്ച വിവിധ ലോഡ്ജുകളും കണ്ടെത്തി. സംഭവശേഷം കാറിൽ മഹാരാഷ്ട്രയിലേക്ക് പോയതായും കണ്ടെത്തി. പിന്തുടർന്ന് പൊലീസ് സംഘം മഹാരാഷ്ട്രയിലെത്തുകയായിരുന്നു. തുടർന്ന് താവളമന്വേഷിച്ച് നാസിക്, പുെണ, സത്താറ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സത്താറയിലുള്ള ഒരു ആഡംബര ഹോട്ടലിൽനിന്ന് വളരെ സാഹസികമായാണ് പ്രതിയെ വലയിലാക്കിയത്. പ്രതി കേരളത്തിലേക്ക് വന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. കസബ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പാലക്കാട് ഡിവൈ.എസ്.പി. ശശികുമാർ, ആലത്തൂർ ഡിവൈ.എസ്.പി. ദേവസ്യ, കസബ ഇൻസ്പെക്ടർ രാജീവ്, മീനാക്ഷിപുരം ഇൻസ്പെക്ടർ മാത്യുസ്, കസബ എസ്.ഐ അനീഷ്, കൊല്ലങ്കോട് എസ്.ഐ ഷാഹുൽ, എസ്.ഐ.എസ്. ജലീൽ, ടി.ആർ. സുനിൽകുമാർ, സുരേഷ് കുമാർ, ജോൺസൺ ലോബോ, റഹിം മുത്തു, ഉവൈസ് കമാൽ, പി.എസ്. നൗഷാദ്, സി.എസ്. സാജിദ്, ആർ. കിഷോർ, ആർ.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, കെ. ദിലീപ്, എസ്. ഷനോസ്, എസ്. ഷമീർ, മണികണ്ഠ ദാസ്, എസ്. സമീർ, സൈബർ സെൽ ഉദ്യോഗസ്ഥൻ വിനീത്, ഡ്രൈവർ എസ്.സി.പി.ഒ ബ്രീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.