ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27 കോടിയുടെ തട്ടിപ്പ്: മുഖ്യസൂത്രധാരനെ അസമിൽ പോയി പൊക്കി ക്രൈംബ്രാഞ്ച്
text_fieldsപ്രതി സിറാജുൽ ഇസ്ലാമിനെ പിടികൂടിയപ്പോൾ
കൊച്ചി: ക്രെഡിറ്റ് കാർഡുകളുണ്ടാക്കി ഫെഡറൽ ബാങ്കിന്‍റെ വിവിധ ശാഖകളിൽനിന്നായി 27 കോടി രൂപ തട്ടിയ കേസിലെ മുഖ്യസൂത്രധാരനെ അസമിൽ പോയി പൊക്കി ക്രൈംബ്രാഞ്ച്. അസം ബോവൽഗിരി സ്വദേശി സിറാജുൽ ഇസ്ലാമിനെയാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്‌റ്റ് ചെയ്‌തത്.
2022-23 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ്. ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ആപ്പായ സ്കാപ്പിയയിൽ വ്യാജരേഖകൾ സമർപ്പിച്ച് കാർഡ് തരപ്പെടുത്തി ഇതിലെ തുക സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. ഇയാളുടെ സംഘത്തിൽ നിരവധി പേരുള്ളതായും സംശയിക്കുന്നു. ബാങ്ക് ഇടപാടുകാരുടെ വ്യാജ ആധാർ, പാൻ കാർഡുകൾ എന്നിവ സമർപ്പിച്ചാണ് ഇവർ ക്രെഡിറ്റ് കാർഡ് തരപ്പെടുത്തിയത്. 500ലധികം പേരുടെ വ്യാജ പാന്‍കാര്‍ഡുകള്‍ ഇയാളിൽനിന്ന് കണ്ടെത്തി.
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാത്തയാൾക്ക് കാർഡ് അനുവദിച്ചതായി അറിയിപ്പ് ലഭിച്ച് ബാങ്കിനെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിനെക്കുറിച്ച് അധികൃതർക്ക് സൂചനകൾ ലഭിച്ചതും പരിശോധന ആരംഭിച്ചതും. തട്ടിപ്പ് കണ്ടെത്തിയതോടെ ബാങ്ക് അധികൃതർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. 2024ൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ഏറ്റെടുത്തു. പണം മാറ്റിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് അസം പൊലീസിനെ ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ അവിടെയെത്തി പിടികൂടുകയായിരുന്നു.
അസമിൽ സമാനമായ രണ്ട് കേസ് ഇയാൾക്കെതിരെയുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. നാട്ടിൽ ആഡംബരവീടും കോഴിഫാമുമുൾപ്പെടെ പ്രതിക്കുണ്ട്. ഇയാളുടെ വാഹനം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. റേഞ്ച് എസ്.പി എൻ. രാജേഷിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

