കാറിലെത്തി പടക്കമെറിഞ്ഞ മൂന്നുപേർ പിടിയിൽ
text_fieldsപ്രതികൾ
വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയിൽ കാറിലെത്തി നടുറോഡിൽ പടക്കമെറിഞ്ഞ് പരിഭ്രാന്തി പരത്തിയ സംഘത്തിലെ മൂന്നുപേർ പിടിയിലായി. ഉച്ചക്കട പയറ്റുവിള സ്വദേശികളായ റെജി (43), ബിജു (44), സജീവ് (44) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പയറ്റുവിള ജങ്ഷൻ, ഉച്ചക്കട ജങ്ഷൻ എന്നിവിടങ്ങളിലാണ് കാറിലെത്തിയ സംഘം പടക്കമെറിഞ്ഞ് ഭീതി പരത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കടന്നുകളഞ്ഞത്.
കറുത്ത നിറത്തിലുള്ള സ്‌കോർപിയോ കാറിെൻറ ചിത്രം സംഭവംസ്ഥലത്തുണ്ടായിരുന്നവരിൽ ഒരാൾ പകർത്തി പൊലീസിന് നൽകിയിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പടക്കം പൊട്ടിച്ചവരെ തിരിച്ചറിഞ്ഞതോടെ വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ സമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരെ പിടികൂടിയത്.
കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സംഘത്തിലെ ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.