സി.പി.ഐ നേതാവിന് ആധാരമെഴുത്ത് ഓഫിസില്‍വെച്ച് കുത്തേറ്റു; പ്രതി പിടിയില്‍
text_fieldsകുത്തേറ്റ സി.പി.ഐ നേതാവ് പി.ജെ. രാജുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് മാറ്റുന്നു (പിടിയിലായ പ്രതി ഷാജി ഇൻസെറ്റിൽ)
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ പ്രമുഖ വെണ്ടറും സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റംഗവുമായ സാംനഗര്‍ വിജിത ഭവനില്‍ പി.ജെ. രാജുവിന് (58) അധാരമെഴുത്ത് ഓഫിസിൽവെച്ച് കുത്തേറ്റു. സംഭവത്തില്‍ സാംനഗര്‍ നിഷ മന്‍സിലില്‍ ബിരിയാണി ഷാജി എന്ന എം. ഷാജിയെ (57) പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ ഇരുചക്ര വാഹനത്തിലെത്തിയ പ്രതി ആധാരമെഴുത്ത് ഓഫിസിനുള്ളില്‍ കയറി രാജുവിനെ കുത്തുകയായിരുന്നു. കസേരയില്‍ ഇരിക്കുകയായിരുന്ന രാജുവിന്റെ വയറിന്റെ വലതുവശത്തും ഇടതു കൈക്കുമാണ് പരിക്കേറ്റത്. തുടര്‍ന്നു കുത്താനുള്ള ശ്രമം രാജു കസേര എടുത്ത് ചെറുത്തു. ശബ്ദം കേട്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിലുള്ളവര്‍ ഓടിയെത്തി തടസ്സം പിടിച്ചതിനാല്‍ കൂടുതല്‍ പരിക്കേറ്റില്ല. സമീപത്തെ സ്ഥാപന ഉടമ പ്രതിയെ അനുനയിപ്പിച്ച് കത്തി പിടിച്ചുവാങ്ങുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി.
രാജുവിനെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സകള്‍ക്കുശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ക്രിമിനല്‍ കേസിലെ പ്രതിയായ മകനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിക്കാത്തതിന്റെ വിരോധത്തിലായിരുന്നു ആക്രമണമെന്നാണ് കുളത്തൂപ്പുഴ പൊലീസ് പറയുന്നത്.
വിരളടയാള വിദഗ്ധരുടെ സഹായത്തോടെ സംഭവസ്ഥലത്ത് പരിശോധന നടത്തി. ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍. ഗീരിഷ് കുമാര്‍, എസ്.ഐ സി.എം. പ്രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.