അവിഹിത ബന്ധവും, സാമ്പത്തിക കുറ്റകൃത്യങ്ങളും; ലെഫ്റ്റനന്റ് കേണലിന് രണ്ടുവർഷം കഠിനതടവും അനാദരവോടെ പിരിച്ചുവിടലും വിധിച്ച് കോർട്ട് മാർഷൽ
text_fieldsഫത്തേഗഢ്(ഉത്തർപ്രദേശ്): അവിഹിത ബന്ധവും സാമ്പത്തിക തിരിമറികളുമടക്കം ആരോപണങ്ങളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ലെഫ്റ്റനന്റ് കേണലിന് രണ്ടുവർഷം കഠിനതടവും അനാദരവോടെ പിരിച്ചുവിടലും വിധിച്ച് കോർട്ട് മാർഷൽ. ഉത്തർപ്രദേശിലെ ഫത്തേഗഢിലെ ജനറൽ കോർട്ട്സ് മാർഷലിന്റേതാണ് (ജി.സി.എം) വിധി.
ഫത്തേഗഡിലെ രജപുത് റെജിമെന്റൽ സെന്ററിന് (ആർ.ആർ.സി) കീഴിലുള്ള ആർമി സർവീസ് കോർപ്സിലെ (എ.എസ്.സി) ലെഫ്റ്റനന്റ് കേണൽ അവിനാശ് ഗുപ്തയെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥന്റെ ഭാര്യയായ വ്യോമസേന ഓഫീസറുടെ പരാതിയിൽ സൈനീക നിയമമനുസരിച്ച് ഇയാളെ വിചാരണ ചെയ്യാൻ ലഖ്‌നൗ സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജി.ഒ.സി) ഉത്തരവിടുകയായിരുന്നു. നേരത്തെ, ജി.സി.എമ്മിന്റെ പ്രിസൈഡിംഗ് ഓഫീസറായിരുന്നു കേണൽ അഭിഷേക് ഗുപ്ത.
സാമ്പത്തിക തട്ടിപ്പും വ്യാജരേഖ ചമക്കലും അവിഹിത ബന്ധവുമടക്കം നാല് കുറ്റങ്ങളിൽ ലഫ്റ്റനന്റ് കേണൽ ഗുപ്ത കുറ്റക്കാരനാണെന്ന് ജി.സി.എം കണ്ടെത്തി. താനും മക്കളും ലഖ്നൗവിലും ബംഗളുരുവിലുമായി കഴിയവെ, ഭർത്താവായ ഉദ്യോഗസ്ഥൻ മറ്റൊരു സ്ത്രീക്കൊപ്പം താമസിച്ചുവെന്നായിരുന്നു ഭാര്യയുടെ ആരോപണം. തന്റെ പേരിൽ ചികിത്സ കാർഡുണ്ടാക്കി മറ്റൊരു യുവതിയുടെ ചിത്രം ഒട്ടിച്ച് ചികിത്സ തേടി. യുവതിയുടെ പേരിലുള്ള ഗ്യാസ് കണക്ഷൻ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വിലാസത്തിലേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നു.
സ്ത്രീ തന്റെ സുഹൃത്താണെന്നും പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥൻ വാദിച്ചു. എന്നാൽ, ഇരുവരും ഭാര്യഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചിരുന്നതെന്ന് അയൽക്കാരുടെയും വീട്ടുജീവനക്കാരിയടക്കമുള്ളവരുടെയും മൊഴികൾ പരിഗണിച്ച കോടതി ഇത് തള്ളുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ, അനധികൃതമായി ഡിസ്കൗണ്ട് വൗച്ചറുകൾ ഉപയോഗിച്ച് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്തതായും തെറ്റായ വിവരങ്ങൾ നൽകി വീട്ടുവാടക അലവൻസ് തട്ടിയെടുത്തതായുമുള്ള ആരോപണങ്ങളും നിലനിൽക്കുന്നതാണെന്ന് ജി.സി.എം കണ്ടെത്തി.
ഡൽഹിയിൽ ഉയർന്ന വാടകയിൽ താമസിക്കുകയാണെന്ന് അവകാശപ്പെട്ടായിരുന്നു ഉദ്യോഗസ്ഥൻ പണം കൈപ്പറ്റിയത്. എന്നാൽ താനും മകളും ലക്നൗവിലാണ് താമസിക്കുന്നതെന്നും ഡൽഹിയിൽ സന്ദർശകരായി മാത്രമാണ് എത്താറെന്നും ഭാര്യ ജി.സി.എമ്മിന് മൊഴി നൽകി. തന്റെ അമ്മയാണ് ഡൽഹിയിൽ താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥൻ വാദിച്ചെങ്കിലും അമ്മയെ മുൻപ് നൽകിയ അപേക്ഷയിൽ ആശ്രിതയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് വിലയിരുത്തിയ കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

