ദമ്പതികൾക്ക് വെട്ടേറ്റ സംഭവം: കുറ്റപത്രം സമർപ്പിച്ചു
text_fieldsഒറ്റപ്പാലം: കവർച്ച തടയാൻ ശ്രമിച്ച വയോധിക ദമ്പതികളെ വെട്ടി പരിക്കേൽപിച്ച കേസിൽ ഒറ്റപ്പാലം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്‍നാട് പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജിനെതിരെ (50) ഭവന ഭേദനം, മാരകായുധം കൊണ്ട് മാരകമായി പരിക്കേൽപിച്ച് കവർച്ച നടത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് ഒരു മണിക്കൂറിനകം പ്രതിയെ പിടികൂടിയ പൊലീസ് ശാസ്ത്രീയ തെളിവുകൾ ഉൾെപ്പടെ ശേഖരിച്ച് 35ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ നവംബർ 11 ന് രാത്രിയാണ് പാലപ്പുറം മുണ്ടഞ്ഞാറ ആട്ടീരി വീട്ടിൽ സുന്ദരേശ്വരൻ (74) , ഭാര്യ അംബികാദേവി (67) എന്നിവർക്ക് വെട്ടേറ്റത്. കവർച്ചക്കായി രാത്രി വീടിനകത്ത് കയറിയ ഗോവിന്ദരാജിനെ തടയാൻ ശ്രമിക്കവേ മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. സ്വർണ വളയും മൊബൈൽ ഫോണുകളുമായി രക്ഷപ്പെട്ട പ്രതിയെ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയും ലക്കിടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
39 സാക്ഷികളും പത്ത് രേഖകളുമാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സമാന കുറ്റത്തിന് കോയമ്പത്തൂർ ജയിലിലെ ആറ് മാസത്തെ തടവ് കഴിഞ്ഞ് നവംബർ അഞ്ചിനാണ് ഗോവിന്ദരാജ് പുറത്തിറങ്ങിയത്. ഒരാഴ്ച തികയും മുമ്പാണ് പാലപ്പുറത്തെ കവർച്ചയുമായി ബന്ധപ്പെട്ട് ഇയാൾ വീണ്ടും പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

