ലുധിയാനയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എട്ടുകോടി കൊള്ളയടിച്ച ദമ്പതികൾ പൊലീസിന്റെ ശീതള പാനീയക്കെണിയിൽ കുടുങ്ങി
text_fieldsന്യൂഡല്‍ഹി: ലുധിയാനയിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് എട്ടുകോടി രൂപ കവര്‍ന്ന കേസിലെ മുഖ്യസൂത്രധാരരായ ദമ്പതികളെ പൊലീസ് ആസൂത്രിതമായി കുടുക്കി. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദര്‍ സിങ്, ഭാര്യ മന്‍ദീപ് കൗര്‍ എന്നിവരെയാണ് ഉത്തരാഖണ്ഡിലെ തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതികളായ ജസ്വീന്ദറും മന്‍ദീപ് കൗറും നേപ്പാളിലേക്ക് കടക്കാന്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചതോടെ ഇത് തടയാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. ഇരുവര്‍ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇതോടെ രാജ്യംവിടാനുള്ള പ്രതികളുടെ പദ്ധതി പൊളിഞ്ഞു.
തുടന്ന് പ്രതികള്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് തീര്‍ഥാടനത്തിന് പോകാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ പൊലീസ് പ്രതികളെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. ദമ്പതികൾ ഹേമകുണ്ഡ് സാഹിബിലുണ്ടെന്ന് മനസിലാക്കിയതോടെ അവിടേക്ക് നീങ്ങി.
എന്നാൽ ഭക്തജനത്തിരക്കേറിയ സമയമായതിനാല്‍ പ്രതികളെ തിരിച്ചറിയുക വെല്ലുവിളിയായിരുന്നു. തീര്‍ഥാടകരെല്ലാം മുഖം മറച്ചെത്തുന്നതും വലച്ചു. ഇതോടെയാണ് പൊലീസ് ശീതള പാനീയ കെണിയൊരുക്കിയത്. ഭക്തര്‍ക്കായി ശീതളപാനീയം നല്‍കുന്ന കിയോസ്‌ക് സ്ഥാപിച്ചായിരുന്നു പൊലീസിന്റെ കെണി. ശീതളപാനീയം കുടിക്കാനെത്തുമ്പോള്‍ പ്രതികള്‍ മുഖാവരണം മാറ്റുമെന്നും ഇതിലൂടെ ഇവരെ തിരിച്ചറിയാനാകുമെന്നുമായിരുന്നു പൊലീസിന്റെ പ്രതീക്ഷ. ഈ പദ്ധതി വിജയിക്കുകയും ചെയ്തു.
കെണിയാണെന്ന് മനസിലാകാതെ ജസ്വീന്ദറും ഭാര്യ മന്‍ദീപും കിയോസ്‌കില്‍നിന്ന് ശീതളപാനീയം കുടിക്കാനെത്തി. ഈ സമയം മുഖാവരണം മാറ്റിയതോടെ ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞു. പക്ഷേ, ഉടനടി പോലീസ് ഇവരെ പിടികൂടാന്‍ തുനിഞ്ഞില്ല. ദമ്പതിമാരെ തിരിച്ചറിഞ്ഞതോടെ ഇവരെ രഹസ്യമായി പിന്തുടര്‍ന്നു. തുടര്‍ന്ന് പ്രാര്‍ഥന പൂര്‍ത്തിയാക്കി ആരാധനാലയത്തില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ദമ്പതിമാരില്‍നിന്ന് 21 ലക്ഷം രൂപ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ജൂണ്‍ പത്താം തീയതിയാണ് ലുധിയാനയിലെ ക്യാഷ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഓഫിസില്‍ വന്‍ കവര്‍ച്ച നടന്നത്. സുരക്ഷ ജീവനക്കാരെ ആക്രമിച്ച് സ്ഥാപനത്തില്‍നിന്ന് എട്ടുകോടി രൂപയാണ് അക്രമിസംഘം കൊള്ളയടിച്ചത്. കേസില്‍ ഇനി രണ്ടുപ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

