മുംബൈയിൽ അഭിഭാഷകനും ഭാര്യക്കും വിഷം കൊടുത്തു, 12 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളുമായി ദമ്പതികൾ മുങ്ങി
text_fieldsമുംബൈ: അഭിഭാഷകനും ഭാര്യയ്ക്കും വിഷം കൊടുത്ത് അവശരാക്കിയ ശേഷം 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി വീട്ടുജോലിക്കാരായ ദമ്പതികൾ മുങ്ങി. ബ്രജേഷ് ഭെല്ലോറിയ, ഭാര്യ ഡോളി സിങ് എന്നിവർക്കാണ് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത്. ബ്രെജേഷിന്റെ നലസൊപാരയിലെ വീട്ടിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികൾക്ക് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ബോധം വീണ്ടെടുക്കാനായത്.
അഭിഭാഷകനായ ബ്രെജേഷിന്റെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ മൻബഹാദൂർ, അവിടെ തന്നെ പാചകക്കാരിയായ മൻബഹദൂറിന്റെ ഭാര്യ ലക്ഷ്മി എന്നിവരാണ് സ്വർണ്ണവുമായി കടന്നത്.
സെപ്റ്റംബർ നാലിന് പ്രതികൾ തങ്ങളോട് മാസ ശമ്പളമായ 10,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയിരുന്നില്ല. സെപ്റ്റംബർ 5 രാത്രിയാണ് അത്താഴത്തിൽ വിഷം കലർത്തി നൽകിയതെന്നും പരാതിക്കാർ പറഞ്ഞു. ഭക്ഷണം കഴിച്ചു കുറച്ചു സമയത്തിന് ശേഷം കടുത്ത തലവേദനയുണ്ടായെന്നും താനും ഭാര്യയും ബോധരഹിതരായി വീഴുകയായിരുന്നെന്നും ബ്രജേഷ് പറഞ്ഞു. ആ സമയത്താണ് ദമ്പതികൾ അലമാര തുറന്ന് സ്വർണ്ണമെടുത്തത്. പിന്നീട് ബ്രജേഷിന്റെ അച്ഛൻ അയച്ച ആളുകളെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ഇരുവരുടെയും തിരിച്ചറിയൽ കാർഡിന്റെയും ഫോട്ടോയുടെയും പകർപ്പുകൾ ഞങ്ങളുടെ കൈവശം ഉണ്ട്. ആഗസ്റ്റ് 5 നാണ് അവരെ ജോലിയ്‌ക്കെടുക്കുന്നത്. അവർ വളരെ ഉത്സാഹത്തോടെയാണ് ജോലി ചെയ്തത്. ഞങ്ങളുടെ വിശ്വാസവും അവർ നേടിയെടുത്തിരുന്നു- ബ്രെജേഷ് പറഞ്ഞു.
മൻബഹദൂറിന്റെ തിരിച്ചറിയൽ കാർഡ് പ്രകാരം അയാൾ ഒരു നേപ്പാളിയാണെന്ന് പോലീസ് പറഞ്ഞു. ലക്ഷ്മിയുടെ ആധാർ കാർഡ് കിട്ടിയിട്ടുണ്ടെന്നും രണ്ടു തിരിച്ചറിയൽ രേഖകളുടെയും സുതാര്യത പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

