മധ്യപ്രദേശിൽ ദുരഭിമാനക്കൊല: കമിതാക്കളെ വെടിവെച്ചു കൊന്ന് മുതലകൾ നിറഞ്ഞ നദിയിൽ തള്ളി
text_fieldsഭോപാൽ: മധ്യപ്രദേശിൽ വീണ്ടും ദുരഭിമാന കൊലപാതകം. 18 വയസുള്ള പെൺകുട്ടിയുടെയും 21 വയസുള്ള യുവാവിന്റെ മൃതദേഹം മുതലകൾ നിറഞ്ഞ നദിയിൽ കെട്ടിത്താഴ്ത്തി. ശിവാനി തൊമാറും രാധേശ്യാം തൊമാറുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് കുടുംബം താമസിക്കുന്നത്. രാധേശ്യാമുമായുള്ള ബന്ധത്തെ ശിവാനിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. പെൺകുട്ടിയുടെ അയൽ ജില്ലയായ ബാലുപുരയിലാണ് രാധേശ്യാം താമസിക്കുന്നത്.
മകനെ കാണാനില്ലെന്നു സൂചിപ്പിച്ച് രാധേശ്യാമിന്റെ പിതാവ് പരാതി നൽകിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മകനുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടിയെയും കാണാനില്ലെന്നും ഇരുവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും പരാതിയിലുണ്ടായിരുന്നു.
ഇരുവരും ഒളിച്ചോടിയെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ ഗ്രാമത്തിലെ ഒരാൾ പോലും ഇരുവരും ഒളിച്ചോടുന്നത് കണ്ടതായി പറഞ്ഞില്ല. പിന്നീട് പെൺകുട്ടിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിെനാടുവിൽ അവർ കുറ്റമേറ്റു. ഇരുവരെയും ജൂൺ മൂന്നിന് വെടിവെച്ചു കൊന്ന ശേഷം മൃതദേഹത്തിൽ കല്ലുകൾ കെട്ടി മുതലകൾ നിറഞ്ഞ ചമ്പൽ നദിയിൽ താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പുഴയിൽ നിന്ന് കമിതാക്കളുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

