ലാഭം വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണവും കൈക്കലാക്കി; ദമ്പതികള്‍ തട്ടിയത് കോടികൾ
text_fieldsമലപ്പുറം: ലാഭവാഗ്ദാനം നല്‍കി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പണവും സ്വര്‍ണവും ഭൂമിയുടെ ആധാരവും കൈക്കലാക്കി ദമ്പതികള്‍ നടത്തിയത് വന്‍ തട്ടിപ്പ്. മലപ്പുറം മുണ്ടുപറമ്പ് തെക്കുംപുറം വീട്ടില്‍ മുജീബ് റഹ്മാന്‍, ഭാര്യ ബജീന എന്നിവര്‍ക്കെതിരെ തട്ടിപ്പിനിരയായ 15 പേർകൂടി ജില്ല പൊലീസ് മേധാവിക്ക് പരാതിനൽകി. തട്ടിപ്പിനിരയായ വേറെ ആറ് പേർ ബുധനാഴ്ച് എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇവരുടെതടക്കം ആകെ 786.5 പവന്‍ സ്വര്‍ണവും 3.88 കോടി രൂപയും തട്ടിയെടുത്തെ നാണ് ആരോപണം. മഞ്ചേരി, മുണ്ടുപറമ്പ്, തിരൂര്‍, മമ്പാട്, നറുകര, വട്ടപ്പാറ, കൂട്ടിലങ്ങാടി, പഴമള്ളൂര്‍, കോഴിക്കോട് എന്നിവിടങ്ങിലുള്ളവരാണ് പരാതിക്കാര്‍. കോട്ടക്കൽ സ്വദേശിയായ ബന്ധുവിന് 301 പവൻ സ്വർണവും 51 സെന്റ് സ്ഥലവുമാണ് നഷ്ടമായത്. നാല്‍പ്പതോളംപേര്‍ വഞ്ചനയ്ക്കിരയായെന്നാണ് വിവരം. കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറും.
2018മുതല്‍ ദമ്പതികളും കുടുംബവും തട്ടിപ്പുനടത്തുന്നുണ്ട്. പത്രവിതരണം ചെയ്യുന്ന പതിനഞ്ചോളം വണ്ടികളുടെ ഉടമയായ മുജീബ് റഹ്മാന്‍, കൊറിയര്‍ സർവിസ് കമ്പനിയുണ്ടെന്നും ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നു. ആഡംബര കാറുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. പല കാരണങ്ങള്‍ പറഞ്ഞാണ് പണവും സ്വര്‍ണവും ആധാരവും കൈക്കലാക്കിയത്. കച്ചവടത്തില്‍ നിക്ഷേപിക്കാനെന്ന വ്യാജേനെ ചിലരില്‍നിന്ന് പണവും സ്വര്‍ണവും വാങ്ങി. മറ്റുചിലരുടെ ചെറിയ ബാങ്ക് വായ്പകള്‍ അടച്ചുതീര്‍ത്ത് വിശ്വാസം സമ്പാദിക്കുകയും സ്ഥലത്തിന്റെ ആധാരം വാങ്ങി പണയംവച്ച് വലിയ തുക വായ്പയെടുക്കുകയുംചെയ്തു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ മങ്കട ബ്രാഞ്ചില്‍നിന്നാണ് വായ്പ തരപ്പെടുത്തിയതെന്നും തട്ടിപ്പില്‍ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷണിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
പണം ചോദിച്ചുചെന്നവരെ ദമ്പതികളും കുടുംബവും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. ബുധനാഴ്ച തട്ടിപ്പിനിരയായ അജ്മലിന്റെ പരാതിയിൽ മലപ്പുറം പൊലീസ് ദമ്പതികൾക്കും മകനുമെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികൾ വീടുപൂട്ടി സ്ഥലം വിട്ടതായി നിക്ഷേപകർ പറയുന്നു.

