കോട്ടയിൽ കോവിലകത്ത് വ്യാജമദ്യ ഡിസ്റ്റിലറി കണ്ടെത്തി
text_fieldsബിജു
പറവൂർ: എക്സൈസ് നടത്തിയ പരിശോധനയിൽ ചേന്ദമംഗലം കോട്ടയിൽ കോവിലകത്ത് വ്യാജമദ്യ ഡിസ്റ്റിലറി കണ്ടെത്തി. വൻതോതിൽ ചാരായം നിർമിച്ച് വിൽപന നടത്തിയ കൊടിയൻ ബിജു (52) അറസ്റ്റിലായി. ഇയാളുടെ വീടിന് പിന്നിലെ മുയൽ ഫാമിലാണ് വ്യാജമദ്യ ഡിസ്റ്റിലറി നടത്തിയിരുന്നത്.
32 ലിറ്റർ ചാരായം, 420 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി. മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന ഓർഡർ പ്രകാരം ലീറ്ററിന് 2,000 രൂപ നിരക്കിൽ വീട്ടിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. രണ്ട് വാറ്റ് കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ് ബിജു. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, അസി. ഇൻസ്പെക്ടർ വി.എം. ഹാരിസ്, ഉദ്യോഗസ്ഥരായ വി.എസ്. ഹനീഷ്, ഒ.എസ്. ജഗദീഷ് സാബു, എൻ.എം. മഹേഷ്, രാജി ജോസ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.