സത്യപ്രതിജ്ഞക്കിടെ നഗരസഭ കൗൺസിലർക്ക് വയോധികന്റെ മർദനം
text_fieldsകൂത്താട്ടുകുളം നഗരസഭ കൗൺസിലർ പരിക്കേറ്റ ജോമി മാത്യു തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
കൂത്താട്ടുകുളം: സത്യപ്രതിജ്ഞക്കിടെ നഗരസഭ കൗൺസിലർക്ക് വയോധികന്റെ മർദനം. കൂത്താട്ടുകുളം നഗരസഭയിലെ സത്യപ്രതിജ്ഞക്കിടെയാണ് 16ാം വാർഡ് കൗൺസിലർ കോൺഗ്രസിലെ ജോമി മാത്യുവിനെ കൂത്താട്ടുകുളം മംഗലത്തുതാഴ പുതുപ്പറമ്പിൽ ജോസഫ് കുര്യൻ (85) ആക്രമിച്ചത്. വലതുവശത്ത് ചെവിക്ക് താഴെയായി ചെറിയ മുറിവേറ്റിട്ടുണ്ട്.
14ാം ഡിവിഷനിലെ കൗൺസിലറെ സത്യപ്രതിജ്ഞക്ക് ഉദ്യോഗസ്ഥർ വിളിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിലിരുന്ന ജോമി മാത്യുവിനെ ജോസഫ് കുര്യൻ ആക്രമിച്ചത്.
ജോമി മാത്യുവിനെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ ജോസഫ് ശ്രമിച്ചെന്നാരോപിച്ച് ഇരുവരും തമ്മിൽ ടൗണിൽ വാക്തർക്കവും ചീത്തവിളിയും ഉണ്ടായെന്നും ഇത് തനിക്ക് ഏറെമനോവിഷമം ഉണ്ടാക്കിയെന്നും ജോസഫ് പറയുന്നു. മർദനത്തിനുശേഷം പുറത്തേക്കിറങ്ങിയ ജോസഫ് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ നടത്തിയ ശ്രമം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജോമി മാത്യുവിനെ ആശുപത്രിയിലേക്കും മാറ്റി.
സത്യപ്രതിജ്ഞക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹം ആശുപത്രിയിൽ പോയിരുന്നു. 25 അംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂർത്തിയായ ശേഷമാണ് ജോമി ആശുപത്രിയിൽനിന്ന് തിരികെയെത്തി സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തെ തുടർചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം പൊലീസ് ആശുപത്രിയിലെത്തി ജോമി മാത്യുവിന്റെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

