ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് മൊബൈൽ കേബിൾ ഉപയോഗിച്ച്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ആൺ സുഹൃത്ത് അറസ്റ്റിൽ
text_fieldsചണ്ഡിഗഢ്: യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിന്‍റെ (22) കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയും സുഹൃത്തുമായ സചിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിവാഹിതനും ഝാജറിൽ മൊബൈൽ കട നടത്തിവരികയുമായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. മാർച്ച് ഒന്നിനാണ് റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൻ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. റോഹ്തക്ക് വിജയ് നഗർ സ്വദേശിനിയാണ് ഹിമാനി. ‘റോഹ്തക്കിലെ വിജയ് നഗറിൽ യുവതി തനിച്ചാണ് താമസിച്ചിരുന്നത്. ഇവിടെ പതിവായി സചിൻ വരാറുണ്ട്. കഴിഞ്ഞ ഫെബ്രുവരി 27നും സചിൻ യുവതിയുടെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തർക്കത്തിലേർപ്പെടുകയും പിന്നാലെ സചിൻ മൊബൈൽ കേബിൾ ഉപയോഗിച്ച് ഹിമാനിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു’ -റോഹ്തക് റേഞ്ച് എ.ഡി.ജി.പി കൃഷൻ കുമാർ റാവു പറഞ്ഞു.
യുവതിയുടെ സ്വർണവും മൊബൈൽ ഫോണും ലാപ്ടോപ്പും കൈക്കലാക്കിയശേഷം മൃതദേഹം വീട്ടിലുണ്ടായിരുന്ന ഒരു സ്യൂട്ട്കേസിലാക്കി. പിന്നാലെ സ്യൂട്ട്കേസ് സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലെ കൊലപാതകത്തിനു പിന്നാലെ കാരണം വ്യക്തമാകൂ. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയുടെ കൈയിൽ കടിച്ചതിന്‍റെയും മുറിവേറ്റതിന്‍റെയും പാടുകളുണ്ട്. ഹിമാനിയെ കൊലപ്പെടുത്തുന്നതിനിടെ സംഭവിച്ചതാണിതെന്ന് പൊലീസ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു. അതേസമയം സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി ഹരിയാന മാറിയെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

