Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് തെലങ്കാനയിലെ ‘സുകുമാരക്കുറുപ്പ്’; നിയമത്തിന്റെ കണ്ണുവെട്ടിച്ചത് 40 വര്‍ഷം, ഒടുവിൽ പിടിക്കപ്പെട്ടത് സര്‍ക്കാറിന്റെ മികച്ച അധ്യാപക പുരസ്കാരം നേടി വിരമിച്ചതിന് ശേഷം

text_fields
bookmark_border
2024 മേയിലാണ് വീരണ്ണ അറസ്റ്റിലാകുന്നത്
ഇത് തെലങ്കാനയിലെ ‘സുകുമാരക്കുറുപ്പ്’; നിയമത്തിന്റെ കണ്ണുവെട്ടിച്ചത് 40 വര്‍ഷം, ഒടുവിൽ പിടിക്കപ്പെട്ടത് സര്‍ക്കാറിന്റെ മികച്ച അധ്യാപക പുരസ്കാരം നേടി വിരമിച്ചതിന് ശേഷം
cancel
camera_alt

പ്രതീകാത്മക ചിത്രം

കേരളത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് സുകുമാരകുറുപ്പിന്റെ തിരോധാനം. കഥയിലെ ട്വിസ്റ്റുകൾ മാറിമറിയുമ്പോൾ സമാനമായ മറ്റൊരു അവിശ്വസനീയമായ കേസ് തെലങ്കാനയിലും വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചിരുന്നു എന്നതാണ് കൗതുകം. നാല് പതിറ്റാണ്ടോളം നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയും, ഒടുവിൽ അതേ സർക്കാറിന്റെതന്നെ മികച്ച അധ്യാപകനുള്ള പുരസ്കാരം വാങ്ങി പ്രത്യക്ഷത്തിൽ മാതൃകാപുരുഷനായി മാറുകയും ചെയ്ത ഒരു കൊലക്കേസ് പ്രതിയുടെ കഥയാണിത്.

തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്നു സന്ദേല വീരണ്ണ. വിദ്യാർഥികൾക്ക് പ്രിയപ്പെട്ടവനും സഹപ്രവർത്തകർക്ക് മാന്യനുമായിരുന്നു. 2004ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി അയാൾ. പിന്നീട് സർവിസിൽനിന്നും വിരമിച്ചെങ്കിലും ആ ഒളിജീവിതത്തിന് പിന്നിൽ ആർക്കുമറിയാത്ത വലിയൊരു രഹസ്യമുണ്ടായിരുന്നു.

പരോളിലിറങ്ങി അപ്രത്യക്ഷനായ പ്രതി

1983ലാണ് സംഭവങ്ങളുടെ ആരംഭം. അന്നത്തെ ആന്ധ്രപ്രദേശിലെ വാറങ്കൽ ജില്ലയിൽ നടന്ന ഒരു കൊലക്കേസിൽ സന്ദേല വീരണ്ണയ്ക്ക് കോടതി വിധിച്ചത് ജീവപര്യന്തം തടവ് ശിക്ഷ. വിധിക്ക് ശേഷം ജയിലിലായ അദ്ദേഹം ആറുമാസവും ഏഴ് ദിവസവും മാത്രമാണ് ശിക്ഷ അനുഭവിച്ചത്. തുടർന്ന് അദ്ദേഹത്തിന് പരോൾ ലഭിച്ചു. 1984 മാർച്ച് 18ന് ജയിലിൽ തിരിച്ചെത്തണമെന്നായിരുന്നു നിർദേശമെങ്കിലും, ആ ദിവസം വീരണ്ണ മടങ്ങിയെത്തിയില്ല. പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിലേക്ക് മടങ്ങാതിരുന്ന അദ്ദേഹം പെട്ടെന്ന് ഒളിവിൽ പോവുകയാണുണ്ടായത്. പിന്നീട് നീണ്ട 40 വർഷം മറ്റൊരാളായി മറ്റൊരിടത്ത്.

സർക്കാർ പുരസ്കാരവും അംഗീകാരവും

ജയിലിൽനിന്ന് രക്ഷപ്പെട്ട വീരണ്ണ മഹബൂബാബാദ് മേഖലയിലേക്ക് താമസം മാറ്റി പുതിയൊരു ജീവിതം ആരംഭിക്കാൻ തീരുമാനിച്ചു. ഗൂഡിവടയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി നേടി. നാട്ടുകാർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ അറിയപ്പെടുന്ന അധ്യാപകനായി മാറുകയും ചെയ്തു വീരണ്ണ. യാതൊരുവിധ സംശയങ്ങളും ഉയരാതെ ദശാബ്ദങ്ങളോളം അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം തുടർന്നു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരമാണ് ഈ കേസിന്റെ ഏറ്റവും വലിയ കൗതുകമായി മാറിയത്. 2004ൽ അന്നത്തെ ആന്ധ്രപ്രദേശ് സർക്കാർ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നൽകി വീരണ്ണയെ ആദരിച്ചു.

സർക്കാർ രേഖകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിയുന്ന അതേ പ്രതി, മറുഭാഗത്ത് അതേ സർക്കാർ സംവിധാനത്തിൽ മികച്ച അധ്യാപകനായി ആദരിക്കപ്പെടുന്ന അപൂർവ കാഴ്ചയായിരുന്നു അത്. ഈ വലിയ വൈരുധ്യമാണ് വീരണ്ണയുടെ കഥയെ രാജ്യവ്യാപകമായി ശ്രദ്ധേയമാക്കിയത്. അധ്യാപക ജീവിതം തുടർന്നുപോന്ന അദ്ദേഹം 2013ൽ ഔദ്യോഗികമായി സർവിസിൽനിന്ന് വിരമിക്കുകയും സർക്കാരിൽ നിന്ന് പെൻഷൻ കൈപ്പറ്റുകയും ചെയ്തു. ഇതിനിടയിൽ പല ഘട്ടങ്ങളിലായി പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും, പിടികൊടുക്കുകയോ സംശയമുണ്ടാകത്തക്ക വിധത്തിൽ എന്തെങ്കിലും സൂചന നൽകുകയോ ചെയ്തില്ല വീരണ്ണ.

അവസാനിക്കുന്ന ഒളിച്ചോട്ടം

നിരന്തരമായ അന്വേഷണത്തിനൊടുവിൽ 2024 മേയിലാണ് തെലങ്കാന ജയിൽ വകുപ്പിന്റെ പ്രത്യേക സംഘം മഹബൂബാബാദ് പൊലീസിന്റെ സഹായത്തോടെ വീരണ്ണയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തെ വീണ്ടും ചർലപ്പള്ളി സെൻട്രൽ ജയിലിലടച്ചു. ഇത്രയും കാലം ജയിലിൽ തിരിച്ചെത്താതിരുന്നതിന് 2024 സെപ്റ്റംബറിൽ ജയിൽ അധികാരികൾ അദ്ദേഹത്തിന്മേൽ ഔദ്യോഗിക ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചു. ആദ്യശിക്ഷയിൽ കൈവശമുണ്ടായിരുന്ന ഏകദേശം 27 ദിവസത്തെ അർഹമായ അവധികളും റദ്ദാക്കി. കൂടാതെ 2027 ഓഗസ്റ്റ് 10 വരെ മൂന്ന് വർഷത്തേക്ക് പരോളോ മറ്റ് അവധികളോ നൽകില്ലെന്നും ഉത്തരവായി. മെഡിക്കൽ ആവശ്യങ്ങൾക്കായി പോലും ഈ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകില്ലെന്ന കടുത്ത നടപടിയാണ് സ്വീകരിച്ചത്.

അതേസമയം, ഒരു ജീവപര്യന്തം തടവുകാരന് നാല് പതിറ്റാണ്ടോളം അധികൃതരുടെ കണ്ണിൽപ്പെടാതെ ജീവിക്കാനും, സർക്കാർ ജോലി നേടാനും, ഒടുവിൽ മികച്ച അധ്യാപകനുള്ള പുരസ്കാരം വാങ്ങി സുഖമായി വിരമിക്കാനും കഴിഞ്ഞത് എങ്ങനെയെന്ന ചോദ്യം മാത്രം ബാക്കിയായി. അറസ്റ്റിന് പിന്നാലെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വീരണ്ണക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തെലങ്കാന ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അത് നിരസിച്ച കോടതി, ജയിൽ ഭരണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന ശക്തമായ നിരീക്ഷണം വ്യക്തമാക്കുകയും ചെയ്തു.

നിയമത്തിന്റെ പഴുതുകളിലൂടെയും സംവിധാനങ്ങളുടെ അശ്രദ്ധയിലൂടെയും നീണ്ട നാളുകൾ അധികൃതരെ കബളിപ്പിച്ച തെലങ്കാനയിലെ ‘സുകുമാരക്കുറുപ്പിന്റെ ജീവിതം’ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Convict Evades Law for 40 Years, Wins Best Teacher Award Before Arrest
Next Story