കഞ്ചാവ് വിൽപന സംബന്ധിച്ച് തർക്കം; ഗുണ്ട സംഘങ്ങൾ തെരുവിൽ ഏറ്റുമുട്ടി, അഞ്ചുപേർ അറസ്റ്റിൽ
text_fieldsതിരുവല്ല: തിരുവല്ലയിലെ വേങ്ങൽ മുണ്ടപ്പള്ളിയിൽ കഞ്ചാവ് വിൽപന സംബന്ധിച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഗുണ്ടാ സംഘങ്ങൾ മാരകായുധങ്ങളുമായി ഏറ്റുമുട്ടി. മൂന്നുപേർക്ക് പരിക്കേറ്റു.സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം അഞ്ചുപേർ തിരുവല്ല പൊലീസിന്റെ പിടിയിലായി. കാപ്പ കേസ് പ്രതിയായ ആലംതുരുത്തി വാമനപുരം കന്യാക്കോൺ തുണ്ടിയിൽ വീട്ടിൽ അലക്സ് എം. ജോർജ് (22), ഇയാളുടെ സംഘത്തിൽ ഉൾപ്പെടുന്ന ആലംതുരുത്തി തിരുവാമനപുരം കൊട്ടാരം ചിറയിൽ വീട്ടിൽ ജോൺസൺ (20), എതിർ സംഘത്തിലെ പെരുംതുരുത്തി നെടുംപറമ്പിൽ വീട്ടിൽ ഷിബു തോമസ് (28), പെരുംതുരുത്തി കൊല്ലുകടവ് വടക്കേൽ വീട്ടിൽ സചിൻ (26), പെരുംതുരുത്തി തെങ്ങനാംകുളം വീട്ടിൽ വിഷ്ണുകുമാർ (29) എന്നിവരാണ് അറസ്റ്റിലായത്.
മുണ്ടപ്പള്ളി കോളനിക്ക് സമീപം ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഗുണ്ട സംഘാംഗങ്ങളായ ഷിബു, സചിൻ എന്നിവർക്കാണ് വെട്ടേറ്റത്. എതിർസംഘത്തിലെ ജോൺസണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലക്ക് അടിയേറ്റു. കഞ്ചാവ് വിൽപന സംബന്ധിച്ച് അലക്സിന്റെയും ഷിബുവിന്റെയും സംഘങ്ങൾ തമ്മിൽ കാലങ്ങളായി നീണ്ടുനിന്ന തർക്കമാണ് പരസ്പരമുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
വാക്കേറ്റത്തെ തുടർന്ന് വടിവാൾ ഉൾപ്പെടെ മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ഏറ്റുമുട്ടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സി.ഐ ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അഞ്ച് പേരെയും പിടികൂടുകയായിരുന്നു. പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
പിടിയിലായ പ്രതികൾ അഞ്ചുപേരും വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ പി.കെ. കവിരാജ്, ഹുമയൂൺ, എ.എസ്.ഐ അജി, സി.പി.ഒമാരായ ഷാനവാസ്, ജയകുമാർ, മാത്യു എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

