കരാറുകാരനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം; ഒരാൾകൂടി പിടിയിൽ
text_fieldsഅഖിൽ കുമാർ
പയ്യന്നൂർ: പരിയാരത്ത് യുവതിയുടെ ക്വട്ടേഷൻ പ്രകാരം കെട്ടിട കരാറുകാരനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ നേരിട്ടു പങ്കുള്ള ഒരാൾകൂടി പിടിയിൽ. നീലേശ്വരം കൊട്രച്ചാൽ സ്വദേശി അഖിൽ കുമാറിനെയാണ് (22) പരിയാരം എസ്.ഐ കെ.വി. സതീശെൻറ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ ക്വട്ടേഷൻ നൽകിയ സ്ത്രീ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. സംഭവത്തിൽ നീലേശ്വരം സ്വദേശിയായ ഒരാൾ കൂടി പിടിയിലാവാനുണ്ട്.
ഭര്‍ത്താവിെൻറ സുഹൃത്തായ കെട്ടിട കരാറുകാരൻ സുരേഷ് ബാബുവിനെ വധിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴയുന്നതായി വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ അറസ്റ്റ്. ഏറെ വിവാദം സൃഷ്ടിച്ച കേസില്‍ കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് നാലുപേരെ പരിയാരം പൊലീസ് അറസ്റ്റുചെയ്തത്. നീലേശ്വരം സ്വദേശി സുധീഷ്, നെരുവമ്പ്രത്തെ ജിഷ്ണു, അഭിലാഷ് എന്നിവരും ചെറുതാഴം പാലയാട്ടെ രതീശനുമാണ് പിടിയിലായത്. പിന്നീട് ഇവരെ കസ്റ്റഡില്‍ വാങ്ങി ചേദ്യം ചെയ്തപ്പോഴാണ് നീലേശ്വരത്തെ കൃഷ്ണദാസ് അറസ്റ്റിലായത്.
യഥാര്‍ഥ ക്വട്ടേഷന്‍ സംഘം നീലേശ്വരക്കാരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ കൈമാറുകയായിരുന്നുവത്രേ. കേസിലെ അഞ്ചാംപ്രതിയായ കേരള ബാങ്ക് ഉദ്യോഗസ്ഥ എം.വി. സീമയെ ആഗസ്റ്റ് 14 നാണ് പിടികൂടിയത്. ഇവരിപ്പോള്‍ കണ്ണൂര്‍ വനിത ജയിലില്‍ റിമാന്‍ഡിലാണ്. മറ്റ് അഞ്ചുപേരും റിമാന്‍ഡില്‍ തുടരുകയാണ്.
നേരത്തെ അറസ്റ്റിലായ രതീഷ്, ജിഷ്ണു, അഭിലാഷ് എന്നിവരെ സീമ ക്വേട്ടഷൻ ഏൽപിക്കുകയായിരുന്നു. എന്നാൽ, ഇവർ ക്വേട്ടഷൻ നീലേശ്വരം സ്വദേശികളായ പി. സുധീഷ്, കൃഷ്ണദാസ്, അഖിൽ, ഒളിവിലുള്ള ബാബു എന്നിവർക്ക് കൈമാറി. ഇവർ ഉപയോഗിച്ചിരുന്ന കാറും വെട്ടാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദ സംഭവം നടന്നത്.