അർധരാത്രി മദ്യം മറിച്ചുകടത്തൽ; കൺസ്യൂമർഫെഡ് ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിൽ
text_fieldsഎക്സൈസ് അറസ്റ്റ് ചെയ്ത പ്രതികൾ
തൃശൂർ: കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റില്നിന്ന് കൂടിയ വിലക്ക് മദ്യം മറിച്ചു വിൽപന നടത്തിയ ജീവനക്കാരനെയും കൂട്ടാളികളെയും തൃശൂര്‍ എക്സൈസ് പിടികൂടി. പൂത്തോൾ കൺസ്യൂമർ ഫെഡ് ജീവനക്കാരനായ ഒല്ലൂക്കര മഠത്തിൽപറമ്പിൽ ജയദേവ്, കുന്നംകുളം ചെറുവത്തൂർ വീട്ടിൽ മെറീഷ്, മുല്ലക്കര തോണിപുരക്കൽ അഭിലാഷ് എന്നിവരെയാണ് തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 60 കുപ്പി മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തു.
അർധരാത്രിയാണ് വിൽപനക്കാര്ക്കായി കൂടിയ വിലക്ക് മദ്യം വൻതോതിൽ മറിച്ചു വിൽപന നടത്തിയിരുന്നത്. മദ്യഷാപ്പ് അടച്ചശേഷം മദ്യം വൻതോതിൽ പുറത്തുകടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജയദേവ് ഏറെക്കാലമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കമ്പനി എക്സിക്യൂട്ടിവുകളുടെ വേഷത്തിൽ സ്കൂട്ടറിനകത്തും മുന്നിലും പിന്നിലും ബാഗുകളിലുമായാണ് മദ്യക്കടത്ത്. മൊത്തമായി മദ്യം വിൽപനശാലക്ക് പുറത്തെത്തിക്കുന്ന ജയദേവിന് വലിയ തുക കമീഷനായി മദ്യക്കച്ചവടക്കാർ നൽകുന്നതായി മറ്റു പ്രതികൾ മൊഴിനൽകി. മദ്യം കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റിൽനിന്ന് പുറത്തെത്തിക്കുന്നതിന് കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർ ടി.ആർ. സുനിൽ കുമാർ, എൻ.യു. ശിവൻ, സി.ഇ.ഒമാരായ പി.വി. വിശാൽ, ആർ. അനീഷ് കുമാർ, വി. തൗഫീക്ക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

