നിർമാണത്തൊഴിലാളിയുടെ കൊലപാതകം: പ്രതികളെ കുടുക്കിയത് എസ്.ഐയുടെ അവസരോചിത ഇടപെടൽ
text_fieldsമല്ലപ്പള്ളി: നിർമാണത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുടുക്കിയത് എസ്.ഐ സുരേന്ദ്രന്റെ അവസരോചിത ഇടപെടൽ നിമിത്തം. കീഴ്വായ്പൂര് പൊലീസ് സ്റ്റേഷൻ എസ്.ഐ സുരേന്ദ്രൻ നൈറ്റ് പട്രോളിങ്ങിനിടെയാണ് പ്രതികളെ കുടുക്കിയത്. സുരേന്ദ്രനും ഡ്രൈവർ സജി ഇസ്മായിലും പുലര്‍ച്ച രണ്ടോടെ സംശയകരമായ സാഹചര്യത്തിൽ റോഡില്‍ രണ്ടുപേരെ കണ്ടു. അവരുടെ ശരീരത്തിലെ ചോരക്കറ ശ്രദ്ധയിൽപെട്ട എസ്.ഐ സംശയം തോന്നി പൊലീസ് വാഹനത്തിൽ കയറ്റി.
വിശദമായി ചോദിച്ചപ്പോൾ, ക്രൂരമായ ഒരു കൊലപാതകത്തിലെ പ്രതികളാണെന്ന സൂചന ലഭിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കവും അതിനിടയിൽ ഒരാൾക്ക് കമ്പിവടികൊണ്ടുള്ള അടിയേറ്റ കാര്യവും ഇവർ വിവരിച്ചു. തിരുവനന്തപുരം മാർത്താണ്ഡത്തുനിന്നുള്ള കെട്ടിടം നിര്‍മാണത്തൊഴിലാളികളായ മൂന്നു സുഹൃത്തുക്കൾ, ചിലരുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സംസാരിക്കുന്നതിന് കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് തെക്കുഭാഗത്തെ വാടകവീട്ടില്‍ ഒത്തുകൂടി.
പൊലീസ് ജീപ്പിൽ കയറ്റപ്പെട്ട രണ്ടുപേരും മൂന്നാമനും ആ വീട്ടിലെ താമസക്കാരായ മാർത്താണ്ഡം, തൃശൂർ സ്വദേശികളായ ചിലരുമായി സാമ്പത്തിക ഇടപാടുകൾ സംസാരിച്ച് തർക്കം ഉണ്ടാകുകയും തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ സ്റ്റീഫൻ (40) എന്നയാള്‍ക്ക് കമ്പികൊണ്ട് അടിയേൽക്കുകയുമായിരുന്നു. ആ വീട്ടിലെത്തിയ എസ്.ഐ താമസക്കാരായ ഒമ്പതുപേരെയും കണ്ടു. തുടർന്ന് അദ്ദേഹം അവരെ ഹാളിനുള്ളിലാക്കി വീടുപൂട്ടി.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തന്ത്രപൂർവം തടഞ്ഞുവെച്ചു. തുടർന്ന്, ചോരവാർന്ന് കിടന്നയാളെ ആംബുലൻസ് വിളിച്ചുവരുത്തി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധിച്ച ഡോക്ടർ മരണം മൂന്നുമണിക്കൂർ മുമ്പ് സംഭവിച്ചതായി സ്ഥിരീകരിച്ചു. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചശേഷം മറ്റ് തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.