കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റ സംഭവം: പ്രതി കോടതിയിൽ കീഴടങ്ങി
text_fieldsവിനോദ്
വടക്കഞ്ചേരി: പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ പാളയം ശിവനെ (36) വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി ആർ.എസ്.എസ് പ്രവർത്തകൻ കിഴക്കേപാളയം വിനോദ് (22) ആണ് ആലത്തൂർ കോടതിയിൽ കീഴടങ്ങിയത്. ചൊവ്വാഴ്ച രാവിലെയാണ് പാളയത്ത് വെച്ച് വിനോദ് ശിവനെ വെട്ടി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ ശിവൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ വ്യാഴാഴ്ച പൊലീസ് അപേക്ഷ സമർപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ഇപ്പോഴും പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.