മയക്കുമരുന്നുസംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി
text_fieldsതുറവൂർ: മയക്കുമരുന്ന് സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി. അരൂർ സ്വദേശികളായ സഞ്ജു, വിനോദ് എന്നിവരെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. മർദനമേറ്റനിലയിൽ ഇവരെ പിന്നീട് കണ്ടെത്തുകയായിരുന്നു. ചേർത്തലയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന കുത്തിയതോട് സ്വദേശി വട്ടാൻ ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ, ജോഷി എന്നിവരുടെ നേതൃത്വത്തിൽ ഇവരെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. മർദനമേറ്റ വിനോദ് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് മർദനമേറ്റ നിലയിൽ കണ്ടെത്തിയ സഞ്ജുവും ചികിത്സയിലാണ്.
നേരത്തേ സഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ അരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം ചേർത്തല എക്സൈസ് സംഘം ആറുപേരെ മാരകമായ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. വിവരം കൈമാറിയത് ഇവരാണെന്ന് ആരോപിച്ചാണ് മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു.

