യുവതിക്ക് മർദനം; മൈക്രോ ഫിനാൻസ് ജീവനക്കാർക്കെതിരെ പരാതി
text_fieldsകടയ്ക്കൽ: മൈക്രോ ഫിനാൻസ് ലോൺ അടവ് മുടങ്ങിയതിന് യുവതിക്ക് നേരെ ആക്രമണം. കടയ്ക്കൽ അമ്പലം റോഡിൽ എറ്റിൻകടവിൽ പ്രവർത്തിക്കുന്ന മൈക്രാഫിനാൻസ് കമ്പനി ജീവനക്കാരാണ് യുവതിയെ അക്രമിച്ചത്.
കടയ്ക്കൽ കാരക്കാട് തോട്ടുങ്കര പുത്തൻവീട്ടിൽ അശ്വതിക്കാണ് (33) മർദനമേറ്റത്. മർദനത്തിൽ അശ്വതിയുടെ കൈക്ക് പരിക്കേറ്റു. സംഭവത്തിൽ മൈക്രോഫിനാൻസ് ജീവനക്കാരായ ഏഴുപേർക്കെതിരെ അശ്വതി കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
2023 ലാണ് അശ്വതിയുടെ അമ്മയ ഉഷ ഈ ഫിനാൻസിൽ നിന്നും 56,000 രൂപ ലോണെടുത്തത്. മുടക്കം വരാതെ ആഴ്ചയിൽ 760 രൂപ അടച്ചു കൊണ്ടിരുന്നു. ഈ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ലോണിന്‍റെ അവസാന അടവ്. ഈ അടവ് മുടങ്ങിയതിന് ഉഷ താമസിക്കുന്ന പനപ്പാംകുന്നിലെ വീട്ടിൽ എത്തി മൈക്രോ ഫിനാൻസിലെ രണ്ടു ജീവനക്കാർ ബഹളം ഉണ്ടാക്കി. സംഭവമറിഞ്ഞ അശ്വതി കടയ്ക്കൽ ഫിനാൻസ് ഓഫിസിൽ പണം അടയ്ക്കാം എന്ന് പറഞ്ഞു.
എന്നാൽ, ഫിനാൻസ് ഓഫിസിൽ എത്തിയ അശ്വതിയിൽ നിന്നും പണം വാങ്ങാൻ ജീവനക്കാർ തയാറായില്ലത്രെ. കലക്ഷൻ ഏജന്‍റായി പോകുന്ന ജീവനക്കാർ എത്തിയാൽ മാത്രമേ പണം കൈപ്പറ്റാൻ പറ്റുകയുള്ളൂ എന്നായിരുന്നുവത്രെ വാദം.
കലക്ഷൻ ഏജന്‍റുമാരായ വനിതകൾ ഓഫിസിന് മുന്നിൽ എത്തിയപ്പോൾ വാക്കുതർക്കമായി. വനിത ജീവനക്കാരും ഫിനാൻസ് സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ചേർന്ന് ഇതിനിടെ അശ്വതിയെ ആക്രമിക്കുകയായിരുന്നുവത്രെ. അക്രമത്തെ തുടർന്ന് നാട്ടുകാർ ഓടി കൂടുകയും പൊലീസ് എത്തി അശ്വതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, താൻ നൽകിയ പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് കടയ്ക്കൽ പൊലീസ് എന്ന് അശ്വതി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

