രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ വീണ്ടും പരാതിക്കാരിയുടെ മൊഴിയെടുക്കും
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും. നേരത്തേ, രാഹുലിനെതിരെ ആദ്യം ആരോപണം ഉയർന്നപ്പോൾ ഈ പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ, നിയമനടപടിക്ക് തയാറല്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ, സമാനമായ പരാതികള്‍ നിരവധി യുവതികളിൽ നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യുവതി മെയിൽ അയച്ചത്.
ചൊവ്വാഴ്ചയാണ് എം.എൽ.എയിൽ നിന്ന് നേരിട്ട ക്രൂരപീഡനം വിശദീകരിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി കോണ്‍ഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ അയച്ചത്. തുടർന്ന് കെ.പി.സി.സി നേതൃത്വം പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു.
പരാതിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. താനുമായി വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന രാഹുൽ വിവാഹാഭ്യർഥന നടത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
‘അത്യന്തം വേദനയോടെയാണ് ഈ കത്ത്’ എന്ന മുഖവുരയോടെയാണ് യുവതിയുടെ എഴുത്ത്. ‘താനുമായി രാഹുലിന് വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്നു. 2023 സെപ്റ്റംബറില്‍ ഇൻസ്റ്റഗ്രാം വഴി രാഹുല്‍ ഫോണ്‍ നമ്പര്‍ വാങ്ങി വിവാഹാഭ്യർഥന നടത്തി. തുടർന്നും ആവര്‍ത്തിച്ചപ്പോള്‍ താന്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ആദ്യം മടിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
അവധിക്ക് നാട്ടിലെത്തിയപ്പോള്‍, ഭാവികാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് നഗരത്തില്‍നിന്ന് ഒഴിഞ്ഞ സ്ഥലത്തുള്ള സുഹൃത്തിന്റെ ഹോംസ്റ്റേയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു ക്രൂരത. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും മുറിയില്‍വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ഭയാനകമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു.
‘മാനസികമായും ശാരീരികമായും തകര്‍ന്ന താൻ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരെയും വിവാഹം ചെയ്യാൻ ഉദ്ദേശമില്ലെന്നും തന്റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാനുള്ളതല്ലെന്നും പറഞ്ഞ് രാഹുൽ കൈയൊഴിഞ്ഞു. പിന്നീട് രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ കാറില്‍ വീടിന് സമീപത്ത് ഇറക്കിവിടുകയായിരുന്നു.
തുടര്‍ന്ന് ഒരു മാസം വിളിച്ചതേയില്ലെന്നും പിന്നീടൊന്നും സംഭവിച്ചില്ല എന്ന മട്ടിൽ വിളിച്ച് വീണ്ടും സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍, ‘നിന്നെ ഗര്‍ഭിണിയാക്കണം’ എന്ന പോലുള്ള പേടിപ്പിക്കുന്ന സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍, രാഹുലിന്റെ രാഷ്ട്രീയ സ്വാധീനം ഭയന്ന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു താനെന്ന് യുവതി പറയുന്നു.
നേരത്തേ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നപ്പോൾ ഈ പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ, നിയമനടപടിക്ക് തയാറല്ലെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

