
ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പരാതി നൽകിയതിന് പിന്നാലെ അധ്യാപിക വെടിയേറ്റ് മരിച്ചു
text_fieldsബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ സ്വകാര്യ സ്കൂൾ അധ്യാപിക വെടിയേറ്റ് മരിച്ചു. ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്ത്രീധന പരാതി നൽകി ഒരു ദിവസത്തിന് ശേഷമാണ് കൊലപാതകം.
ബിജ്നോർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുരേന്ദ്ര നഗർ കോളനിയിലെ പ്രിയ ശർമയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു കൊലപാതകം. വെടിയൊച്ച കേട്ട് പ്രദേശവാസികൾ നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഉടൻ പൊലീസെത്തി പ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. പി.എച്ച്.ഡി ബിരുദധാരിയാണ് പ്രിയ ശർമ. എട്ടുവർഷമായി സ്വകാര്യ കോളജിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഭട്വാലി ഗ്രാമവാസിയായ കമൽ ദത്ത് ശർമയെ പ്രിയ വിവാഹം ചെയ്തിരുന്നു. വ്യാഴാഴ്ച ശർമക്കും വീട്ടുകാർക്കുമെതിരെ പ്രിയ സ്ത്രീധന പീഢന പരാതി നൽകുകയായിരുന്നു. കമലാണ് പ്രിയയെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു' -ബിജ്നോർ എസ്.പി ധരംവീറ സിങ് പറഞ്ഞു.
പ്രിയയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കൊലപാതക കേസെടുക്കുകയും ചെയ്തു.