അരലക്ഷത്തിന്റെ ഒരുരൂപ നാണയം, പത്തുലക്ഷം വിലയുള്ള ‘അഞ്ചുരൂപ നോട്ട്’, ഓൺലൈനിൽ പോക്കറ്റ് കാലിയാക്കുന്ന ചതിക്കുഴികൾ
text_fieldsന്യൂഡൽഹി: അമ്പത് വർഷം മുമ്പ് ആർ.ബി.ഐ പുറത്തിറക്കിയ പ്രത്യേക നാണയത്തിന് 10 ലക്ഷം രൂപവരെ, ഒരു രൂപയുടെ നോട്ടിന് ആറുലക്ഷം... ഓൺലൈനിൽ വാർത്തകൾ മുതൽ പരസ്യങ്ങളും ചർച്ചകളും കാണാത്തവരുണ്ടാവില്ല. വൻതുകകൾ വാഗ്ദാനം ചെയ്ത് വരുന്ന ഇത്തരം തട്ടിപ്പുകളിൽ കുരുങ്ങി പുലിവാലുപിടിച്ചവരുടെ കഥകൾ അതിനുമപ്പുറമാവും.
ലക്ഷങ്ങളുടെ കളികൾ
ഫെയ്സ്ബുക്കിലെ പരസ്യം കണ്ടാണ് ആഗസ്റ്റിൽ ഹൈദരാബാദ് രാംനഗർ സ്വദേശിയായ 74കാരൻ വിരളമായ നാണയം വിൽക്കാൻ ശ്രമിച്ചത്. കൈയിലുള്ള നാണയം 72 ലക്ഷം വിലമതിക്കുമെന്നായിരുന്നു തട്ടിപ്പുകാർ അദ്ദേഹത്തെ വിശ്വസിപ്പിച്ചത്. പിന്നാലെ, വാങ്ങൽ നടപടികൾക്ക് വെരിഫിക്കേഷനും റിസർവ് ബാങ്ക് അനുമതിയുമടക്കം കാരണങ്ങൾ പറഞ്ഞ് തട്ടിപ്പുകാർ അദ്ദേഹത്തിൽ നിന്ന് പണം ആവശ്യപ്പെടാൻ തുടങ്ങി. വിശ്വസനീയമായായിരുന്നു ഇടപാടുകൾ. ആറ് ആഴ്ച കൊണ്ട് അദ്ദേഹം 28 യു.പി.ഐ ട്രാൻസ്ഫറുകൾ നടത്തി, ബന്ധുക്കളിൽ നിന്ന് പോലും കടം വാങ്ങി. ഒടുക്കം നഷ്ടമായത് 4.27 ലക്ഷം രൂപ. തട്ടിപ്പുകാർ കുടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെയാണ് ഒടുവിൽ സൈബർ ക്രൈം വിഭാഗത്തെ സമീപിച്ചത്.
പഴയ നാണയത്തിന് വൻതുകകൾ വാഗ്ദാനം ചെയ്ത് രൂപ പട്ടേൽ എന്ന പ്രൊഫൈലിൽ നിന്ന് തുടരെ റീലുകൾ കണ്ടാണ് ഗ്യാൻഷി സിങ് തട്ടിപ്പിൽ പെടുന്നത്. റീലിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കൈയിലുളള നാണയങ്ങൾ വ്യക്തമായ ഫോട്ടോയെടുത്ത് നൽകാൻ നിർദേശം. അതിന് പിന്നാലെ, നാണയങ്ങൾ 62 ലക്ഷം വിലമതിക്കുമെന്ന് മറുപടിയും. എന്നാൽ, കുടുംബാംഗങ്ങളുമായി വിവരം പങ്കുവെച്ചതോടെ ഗ്യാൻഷി സിങ് തലനാരിഴക്ക് രക്ഷപ്പെട്ടു.
രാജ്യത്തുടനീളം പരന്നുകിടക്കുന്നതാണ് തട്ടിപ്പിന്റെ ശൃംഖല. റിട്ടയേർഡ് സെക്യൂരിറ്റി ഗാർഡുമുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ തട്ടിപ്പിൽ പെട്ട് പോക്കറ്റ് കാലിയായവർ നിരവധി. പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും വൻ തുകകൾ വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും പരസ്യങ്ങളും ധാരാളമാണ്. എളുപ്പത്തിൽ ‘പത്ത് കാശ്’ സമ്പാദിക്കാനിറങ്ങുന്നവർ ഒടുക്കം തട്ടിപ്പിൽ കുരുങ്ങി ‘പത്തുകാശില്ലാത്തവരായി’ മാറുന്നത് സത്യം.
ബിറ്റ്കോയിനോളം പൊക്കമുള്ള 10 രൂപ കോയിൻ
ബിറ്റ്കോയിനടക്കം ഡിജിറ്റൽ കറൻസികൾക്ക് പൊടുന്നനെയുണ്ടായ പ്രചാരവും ക്രിപ്റ്റോകറൻസികളിലെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടവും മുതലെടുത്താണ് തട്ടിപ്പുകാരുടെ പ്രചാരണം. അപൂർവ കറൻസികൾ, പ്രത്യേക നമ്പറിലുള്ള നാണയങ്ങൾ എന്നിങ്ങനെ തേടി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുന്നതോടെയാണ് തട്ടിപ്പിന് തുടക്കം. ആർ.ബി.ഐ ചിഹ്നവും പ്രമുഖരുടെ ചിത്രവുമൊക്കെ വിശ്വാസ്യതക്കായി പരസ്യത്തിൽ ചേർക്കും.
പരസ്യത്തിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടാൽ ആർ.ബി.ഐ ജീവനക്കാരായോ, പുരാവസ്തു ശേഖരക്കാരായോ, മ്യൂസിയം പ്രതിനിധികളായോ അഭിനയിക്കുന്ന തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കും. പിന്നാലെ നാണയങ്ങളുടെ ഫോട്ടോയും വിശദാംശങ്ങളും ആവശ്യപ്പെടും. ലക്ഷങ്ങളാവും തുടർന്ന് വാഗ്ദാനം ചെയ്യുക.
ഇതിന് പിന്നാലെ, ആർ.ബി.ഐ ക്ളിയറൻസ്, വെരിഫിക്കേഷൻ ഫീസ്, നികുതികൾ എന്നിവ ചൂണ്ടിക്കാണിച്ച് ഇരകളിൽ നിന്ന് പണം തട്ടുന്നതാണ് രീതി.
വാസ്തവത്തിൽ, നാണയങ്ങൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അത്തരമൊരു പ്രക്രിയ നടത്തുന്നില്ലെന്ന് സൈബർ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം
ഫീസുകൾ: ഇത്തരം പരസ്യങ്ങളിൽ മുൻകൂറായി പണം ആവശ്യപ്പെടുമ്പോൾ (രജിസ്ട്രേഷൻ, വെരിഫിക്കേഷൻ, നികുതി, ഇൻഷുറൻസ് മുതലായവ) അത് ഒരു മുന്നറിയിപ്പാണ്.
വ്യക്തിഗത തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുക: ബന്ധപ്പെട്ടയുടൻ ആധാർ കാർഡ് വിശദാംശങ്ങൾ, ചിത്രങ്ങൾ, വിലാസം സാധൂകരിക്കുന്ന തെളിവുകൾ തുടങ്ങിയ രേഖകൾ ആവശ്യപ്പെട്ടാൽ.
അവിശ്വസനീയമായ വാഗ്ദാനങ്ങൾ: നാണയങ്ങളുടെ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വില വാഗ്ദാനം ചെയ്താൽ
ആൾമാറാട്ടം: ആർ.ബി.ഐ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെന്ന വ്യാജേനയുള്ള സംസാരം.
സമ്മർദവും ഭീഷണിയും: “ഇപ്പോൾ പണം നൽകുക, അല്ലെങ്കിൽ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടും,” “നിങ്ങൾക്ക് നഷ്ടമാകും,” അത്തരം ഭീഷണികൾ ഉപയോഗിക്കുകയാണെങ്കിൽ, ഇതൊരു തട്ടിപ്പാണ്.
വാങ്ങുന്നയാളുടെ കൃത്യമായ വിവരമില്ലെങ്കിൽ: ഇടപാടുകാരന്റെ കൃത്യമായ വിലാസം, നിയമാനുസൃത കമ്പനി രജിസ്ട്രേഷൻ, പരിശോധിക്കാൻ വെബ്‌സൈറ്റടക്കം മാർഗങ്ങൾ ഇല്ലെങ്കിൽ.
തലയില്ലാത്ത പരസ്യങ്ങൾ: ഔപചാരിക കമ്പനിയുടെ പേരോ ഓഫീസോ ഇല്ലാതെ, ഫേസ്ബുക്ക്/ ഇൻസ്റ്റാഗ്രാം മുതലായവ വഴി പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ.
തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?
തട്ടിപ്പിനെക്കുറിച്ച് ഉടൻ തന്നെ cybercrime.gov.in എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ 1930 എന്ന നമ്പറിൽ വിളിക്കുക .
ഇടപാട് വിശദാംശങ്ങൾ, സ്ക്രീൻഷോട്ടുകൾ, ഫോൺ നമ്പറുകൾ എന്നിവ ബന്ധപ്പെടുന്നതിന് മുമ്പ് തയ്യാറാക്കി വെക്കുക. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സൈബർ പരാതി ഫയൽ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

