Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുഖ്യമന്ത്രിക്കു നേരെ...

മുഖ്യമന്ത്രിക്കു നേരെ നടന്നത്​ വധശ്രമമെന്ന്​ സർക്കാർ; പ്രതിഷേധം മാത്രമെന്ന്​ പ്രതികൾ: ജാമ്യഹരജികൾ വിധി പറയാൻ മാറ്റി

text_fields
bookmark_border
youth congress protest
cancel
Listen to this Article

കൊച്ചി: വിമാനത്തിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയനുനേരെ നടന്നത്​ വധശ്രമമെന്ന്​ സർക്കാർ ഹൈകോടതിയിൽ. പ്രതികൾ ഗൂഢാലോചന നടത്തിയാണ്​ കൃത്യത്തിനായി വിമാനത്തിൽ കയറിയതെന്നും ഇതിന്​ തെളിവുണ്ടെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുക മാത്രമാണ്​ ചെയ്തതെന്നും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജന്‍റെ ആക്രമണത്തിൽ തങ്ങൾക്കാണ്​ പരിക്കേറ്റതെന്നും പ്രതികളും ബോധിപ്പിച്ചു.

ജൂൺ 13ന്​ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലുണ്ടായ സംഭവത്തിൽ അറസ്റ്റിലായ തലശ്ശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ്, തലശ്ശേരി പട്ടാനൂർ സ്വദേശി ആർ.കെ. നവീൻ എന്നിവരുടെ ജാമ്യഹരജികളും മൂന്നാം പ്രതി സുജിത് നാരായണന്‍റെ മുൻകൂർ ജാമ്യഹരജിയും പരിഗണിക്കുന്നതിനിടെയാണ്​ ഈ വാദങ്ങളുണ്ടായത്​. വാദം പൂർത്തിയാക്കിയ ജസ്റ്റിസ്​ വിജു എബ്രഹാം ഹരജി വിധി പറയാൻ മാറ്റി.

പ്രതികൾ വിമാനത്തിൽവെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചില്ലെന്നും മുദ്രാവാക്യം മുഴക്കുകയാണ് ചെയ്തതെന്നും ഹരജിക്കാർ വാദിച്ചു. വിമാനത്തിന്‍റെ സുരക്ഷക്ക് ഭംഗം വരുത്തിയിട്ടില്ല. വധശ്രമക്കുറ്റം ചുമത്തിയത് അധികാര ദുർവിനിയോഗമാണെന്നും അക്രമം നടത്തിയത് ജയരാജനാണെന്നും ഹരജിക്കാർ ആരോപിച്ചു.

കേസിൽ താൻ ദൃക്‌സാക്ഷിയാണെന്നും പ്രതിചേർത്തത് സത്യം പുറത്തു വരാതിരിക്കാനാണെന്നും സുജിത്​ ചൂണ്ടിക്കാട്ടി. എന്നാൽ, മൂവരും കേസിൽ പ്രതികളാണെന്നും ഗൂഢാലോചന നടത്തിയിട്ടു​ണ്ടെന്നും സർക്കാറിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി. ഇവരുടെ ഫോൺ വിളി രേഖകൾ, ടിക്കറ്റുകളുടെ പകർപ്പ്, വിമാനത്താവളത്തിൽ ഒരുമിച്ചുള്ള ദൃശ്യങ്ങൾ തുടങ്ങിയവയും കേസ് ഡയറിയും ഹാജരാക്കി. പ്രതികളുടെ ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാരന്​ പരിക്കേറ്റു. ഒന്നാം പ്രതിക്കെതിരെ മട്ടന്നൂർ സ്റ്റേഷനിൽ നിരവധി കേസുണ്ട്​. മൂവരും കൂടിയ നിരക്ക്​ നൽകിയാണ് ടിക്കറ്റ് എടുത്തതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളില്ലേയെന്നും സംഭവത്തിനുശേഷം സുജിത്​ എങ്ങനെയാണ് വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും കോടതി വാക്കാൽ ചോദിച്ചു.​ ചെറുവിമാനമായതിനാൽ സി.സി.ടി.വി ഉണ്ടായിരുന്നില്ലെന്നായിരുന്നു സർക്കാറിന്‍റെ മറുപടി. സി.സി.ടി.വി ഉണ്ടാവണമെന്ന് നിബന്ധനയുണ്ടെന്നും ഇത്​ ചിലപ്പോൾ മാറ്റിയതായിരിക്കാമെന്നും സുജിത്തിന്‍റെ അഭിഭാഷകനും പറഞ്ഞു.

Show Full Article
TAGS:Youth congress highcourt 
News Summary - CM attack Case; Youth congress workers Bail pleas adjourned to pronounce judgment
Next Story